വയോജന കമീഷൻ നാളെ സ്ഥാനമേൽക്കും; വലിയ സ്വപ്‌നത്തിന്റെ സാക്ഷാൽക്കാരം: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: വയോജനക്ഷേമരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച വലിയ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. രാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമീഷൻ സെപ്തംബർ മൂന്നിന് ചുമതലയേൽക്കും. രാജ്യസഭാംഗം, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച കെ സോമപ്രസാദ് ചെയർപേഴ്‌സൺ ആയ അഞ്ചംഗ കമീഷനാണ് ബുധനാഴ്ച സ്ഥാനമേൽക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ രാവിലെ പതിനൊന്നിനു നടക്കുന്ന ചടങ്ങ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ, വനിതാ കമ്മീഷൻ അംഗമായിരുന്ന ഇ എം രാധ, ഗ്രന്ഥകാരനും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിംഗ് പ്രസിഡന്റുമായ കെ എൻ കെ നമ്പൂതിരി (കെ എൻ കൃഷ്ണൻ നമ്പൂതിരി), മുൻ കോളേജ് അധ്യാപകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് - എം ജി സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗം തുടങ്ങി മേഖലകളിൽ പ്രവർത്തിച്ചിട്ടുമുള്ള പ്രൊഫ. ലോപസ് മാത്യു എന്നിവരാണ് പ്രഥമ കേരള സംസ്ഥാന വയോജന കമീഷൻ അംഗങ്ങൾ.
വയോജനങ്ങളുടെ ക്ഷേമവും അവകാശവുമായി ബന്ധപ്പെട്ട് മാർഗ നിർദേശങ്ങൾ നൽകാനും വയോജനങ്ങളുടെ പുനരധിവാസത്തിന് സഹായങ്ങൾ ലഭ്യമാക്കാനുമാണ് കമീഷൻ നിലവിൽ വരുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. അവഗണനയും ചൂഷണവും അനാഥത്വവുമടക്കമുള്ള വയോജനങ്ങളുടെ ജീവിതം സംബന്ധിച്ച് വരുന്ന ആശങ്കകൾ അഭിസംബോധന ചെയ്യാൻ കമീഷനിലൂടെ കഴിയും. കമീഷൻ രൂപീകരിക്കുന്നതിലൂടെ കേരളം രാജ്യത്തിന് മുന്നേ നടക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ അഡ്വ. ആൻ്റണി രാജു എംഎൽഎ അധ്യക്ഷനാവും. ഡോ. ശശി തരൂർ എം പി, മുതിർന്ന പൗരന്മാരുടെ ക്ഷേമം നിയമസഭാ സമിതിയുടെ അധ്യക്ഷൻ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ, സമിതി അംഗങ്ങളായ പി അബ്ദുൾ ഹമീദ് എം എൽ എ, സി കെ ഹരീന്ദ്രൻ എം എൽ എ, അഹമ്മദ് ദേവർകോവിൽ എം എൽ എ, ജോബ് മൈക്കിൾ എം എൽ എ, കെ പി മോഹനൻ എം എൽ എ, പി മമ്മിക്കുട്ടി എം എൽ എ, ടി ജെ വിനോദ് എം എൽ എ എന്നിവർ പ്രത്യേക ക്ഷണിതാക്കളായും സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള, സാമൂഹ്യനീതി ഡയറക്ടർ അരുൺ എസ് നായർ എന്നിവർ പങ്കെടുക്കും.











0 comments