കാലവർഷത്തിന് വില്ലനായി എൽനിനോ; വരും നാളുകളിലും മഴയില്ല

പ്രതീകാത്മക ചിത്രം

സൗമ്യ സി എം
Published on Aug 30, 2026, 06:55 PM | 2 min read
തിരുവനന്തപുരം: ഇക്കുറി കാലവർഷത്തിന് വില്ലനായി എൽനിനോ പ്രതിഭാസം. ജൂൺ ഒന്ന് മുതൽ ആഗസ്ത് 28 വരെയുള്ള കണക്കുകൾ പ്രകാരം മഴ ലഭ്യതയിൽ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും മഴ ലഭിക്കാതെ തുടർന്നാല്‍ മഴ ലഭ്യതയിൽ ഇനിയും കുറവ് രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളും ഇല്ല. ഇതോടെ മഴ ശമിക്കുന്നുവെന്ന സൂചനകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പും നൽകുന്നത്.
കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളെ ശരിവെയ്ക്കുകയാണ് കേരളത്തിലെ പ്രധാന അന്തരീക്ഷ റഡാർ ഗവേഷണ കേന്ദ്രമായ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (CUSAT) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫെറിക് റഡാർ റിസർച്ച് സെന്റർ (ACARR) ഡയറക്ടർ എസ് അഭിലാഷ്. വരും ദിവസങ്ങളിലും മഴയില്ലാതെ വരണ്ട അവസ്ഥ തുടരുമെന്ന് അഭിലാഷ് ദേശാഭിമാനിയോട് പറഞ്ഞു. സെപ്തംബർ മാസം പകുതിയോടെ മാത്രമേ മഴയുണ്ടാകൂവെന്നും എൽനിനോ പ്രതിഭാസമാണ് കാലവർഷത്തെ സാരമായി ബാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത രണ്ടാഴ്ച കൂടി വരണ്ട കാലാവസ്ഥ തുടർന്നാൽ ജലസ്രോതസുകളെ ബാധിക്കുകയും സംസ്ഥാനം വലിയ പ്രതിസന്ധി നേരിടുകയും ചെയ്യും. തുലാമാസം പകുതിയോടെ എത്തുന്ന മഴയിലാണ് പ്രതീക്ഷയെന്നും അഭിലാഷ് പറഞ്ഞു.
കാലവർഷത്തിൽ എൽനിനോ പ്രതിഭാസം പ്രതിഫലിക്കുമെങ്കിലും തുലാമാസത്തിലെ മഴയെ പ്രതിഭാസം ബാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുലാമാസത്തിലെ മഴ കൂടി ലഭിച്ചില്ലെങ്കിൽ അടുത്ത വർഷത്തോടെ സംസ്ഥാനം ജലക്ഷാമം നേരിടും. കാർഷികമേഖലയിലെ സാരമായി ബാധിക്കും. ഇതോടെ പച്ചക്കറി ലഭ്യതയിലും കുറവുണ്ടാകും. ഇത് വിലക്കയറ്റത്തിലേയ്ക്ക് നയിക്കും. സാധാരണക്കാരുടെ അടുക്കള ബജറ്റിന്റെയും താളം തെറ്റിക്കും. ഇതിനെല്ലാം പുറമെ, മഴ മാറി നിൽക്കുന്നതോടെ താപനില ഉയരുകയും കഠിനമായ ചൂട് അനുഭവപ്പെടുകയും ചെയ്യും. വൈദ്യുതി ഉപഭോഗം കൂടും.
ആഗസ്ത് ആദ്യ ആഴ്ചയിൽ ലഭിച്ചതാണ് കാലവർഷത്തിൽ ലഭിച്ച മഴ. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും കാലവർഷത്തിൽ ലഭിക്കുന്ന മഴയുടെ അളവ് കുറവാണ്. വരുന്ന തുലാമാസത്തിലെ മഴ പ്രതീക്ഷിക്കുന്ന അളവിൽ ലഭിച്ചാൽ മാത്രമേ കേരളത്തിന് പ്രതിസന്ധി ഘട്ടത്തിൽ നിന്നും മറികടക്കാനാകൂവെന്നാണ് നിഗമനം.
സംസ്ഥാനത്ത് ഇതുവരെ 1712.2 മില്ലി മീറ്റർ ലഭിക്കേണ്ടയിടത്ത് 1354.3 മില്ലി മീറ്ററാണ് മഴ കിട്ടിയത്. ആറു ജില്ലകളിൽ പ്രതീക്ഷിച്ചതിലും കുറവ് മഴയാണ് ലഭിച്ചത്. അതിൽ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭ്യമായത്. 50 ശതമാനം മാത്രമാണ് വയനാട് ജില്ലയിൽ ലഭിച്ച മഴ. സാധാരണയായി 2130.9 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1081.2 മഴ മാത്രമാണ് ലഭിച്ചത്. ഇടുക്കി (43), കൊല്ലം(29), ആലപ്പുഴ(24), പാലക്കാട് (23), തൃശൂർ (22) എന്നിങ്ങനെയാണ് മഴ കുറവ്. അതേസമയം, പത്തനംതിട്ടയിൽ പ്രതീക്ഷിച്ച മഴ ലഭിച്ചു. തിരുവനന്തപുരത്ത് മാത്രമാണ് അധിക മഴ ലഭിച്ചത്. 663 മില്ലി മീറ്ററിന് പകരം 649.1 മില്ലി മീറ്റർ മഴ ലഭിച്ചു. ഇക്കുറി നാല് ദിവസം വൈകി ജൂൺ നാലിനാണ് കാലവർഷം കേരളത്തിലെത്തിയത്.









0 comments