നാരങ്ങാമിഠായി, തീമാറ്റിക് ആഴ്ചകൾ
വിദ്യാർഥികൾക്കു വേണ്ടി പുതിയ കാമ്പയിനുകളുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വിദ്യാർഥികളിൽ മൂല്യങ്ങളും വ്യക്തിഗത കഴിവുകളും വളർത്തുന്നതിന് രണ്ട് പുതിയ കാമ്പയിനുകൾക്ക് തുടക്കം കുറിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ്. നാരങ്ങാമിഠായി, തീമാറ്റിക് ആഴ്ചകൾ എന്നിങ്ങനെയാണ് പദ്ധതികൾക്ക് പേരിട്ടിരിക്കുന്നത്.
കുട്ടികളുടെ 'കളിക്കാനുള്ള അവകാശം' സംരക്ഷിക്കുന്ന പദ്ധതിയാണ് നാരങ്ങാമിഠായി. എല്ലാ കുട്ടികളും ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നിർബന്ധമായും കളിച്ചിരിക്കണം. ഇത് സ്പോർട്സ് മാത്രമല്ല, മറിച്ച് കുട്ടികൾക്ക് ഇഷ്ടമുള്ള, കൂട്ടുകൂടിയുള്ള കളികളാണ്. ട്യൂഷനും പഠനത്തിനും അപ്പുറം, കുട്ടികളുടെ വൈകാരിക വളർച്ചയ്ക്കും ഭാവിയിലെ കുടുംബജീവിതത്തിലടക്കം ആരോഗ്യകരമായ ബന്ധങ്ങൾക്കും ഈ കളി അനിവാര്യമാണ്.
അടുത്ത 6 ആഴ്ചകളിൽ ഓരോ ആശയങ്ങൾ മുൻനിർത്തി വിദ്യാലയങ്ങളിൽ പ്രത്യേക ആഴ്ചകൾ ആചരിക്കുന്നതാണ് വിഷയാധിഷ്ഠിത ആഴ്ചകൾ കാമ്പയിൻ. ഇത് സംബന്ധിച്ച സർക്കുലർ തിങ്കളാഴ്ച സ്‌കൂളുകളിൽ എത്തും. ജനുവരി 12 മുതൽ 17 വരെയുള്ള തീയതികളിൽ എല്ലാ സ്‌കൂളുകളിലും പിടിഎ യോഗം ചേർന്ന് ഇതിന് പിന്തുണ നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ആ 6 ആഴ്ചകൾ ഇവയാണ്:
ആഴ്ച 1: ശകാരിക്കാത്ത വാരം
ആഴ്ച 2: അഭിനന്ദന വാരം
ആഴ്ച 3: ഡിജിറ്റൽ അടിമത്വം ഉപേക്ഷിക്കൽ വാരം
ആഴ്ച 4: നന്ദി പ്രകടന വാരം
ആഴ്ച 5: ക്ഷമാപണ വാരം
ആഴ്ച 6: LUV (ലവ്) വാരം (L - Listening, U - Understanding, V - Validating - കേൾക്കാം, മനസ്സിലാക്കാം, അംഗീകരിക്കാം).










0 comments