print edition സർക്കാർ, എയ്‌ഡഡ് സ്‌കൂൾ തസ്തിക നിർണയം: ജൂലൈ 14 വരെ യുഐഡി ലഭിച്ചവരെ പരിഗണിക്കും


സ്വന്തം ലേഖകൻ
Published on Feb 05, 2026, 08:18 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 2025–26 അധ്യയന വർഷത്തെ തസ്തിക നിർണയ നടപടികളിൽ ഇളവുകൾ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ആറാം പ്രവൃത്തി ദിനത്തിൽ സ്കൂൾ റോളിൽ ഉണ്ടായിട്ടും സാങ്കേതിക കാരണങ്ങളാൽ ആ ധാർ രേഖകൾ ലഭിക്കാൻ വൈകി യ കുട്ടികളുടെ കാര്യത്തിലാണ് പരിഗണന.
യുഐഡിക്ക് അപേക്ഷിച്ചിട്ട് ആറാം പ്രവൃത്തി ദിനത്തിലും ലഭിക്കാതിരിക്കുകയും ഇഐഡി (എൻട്രോൾമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ) മാത്രം ലഭിക്കുകയും ചെയ്‌തവരിൽ 2025 ജൂലൈ 14 വരെ യുഐഡി ലഭിച്ചവർ ഉണ്ടെങ്കിൽ തസ്‌തിക നിർണയത്തിൽ അവരെയും പരിഗണിക്കാമെന്ന് ഉത്തരവിലുണ്ട്. കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഇളവ് നൽകിയാണ് നടപടി.
യുഐഡി ലഭിക്കുന്നതിലെ കാലതാമസം അധ്യാപക തസ്തികകളെ ബാധിക്കരുതെന്ന കെഎസ്‌ടിഎ ഉൾപ്പെടെയുള്ള അധ്യാപക സംഘടനകളുടെയും സ്കൂൾ മാനേജ്‌മെന്റുകളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം.
യുഐഡി അടിസ്ഥാനമാക്കിയുള്ള തസ്തിക നിർണയത്തിന്റെ ഫയൽ ധന വകുപ്പിന്റെ പരിഗണനയിലാണ്. ഇതിന് ഉടൻ അംഗീകാരം ലഭിക്കുമെന്നും തുടർന്ന് ഒരു മാസത്തിനകം തസ്തിക നിർണയം പൂർത്തിയാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. വ്യാജ അഡ്മിഷനുകൾ വഴി പൊതുഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് കുട്ടികളുടെ യുഐഡി അടിസ്ഥാനമാക്കി തസ്തിക നിർണയം. ആറാം പ്രവൃത്തി ദിനത്തിലെ യുഐഡി എണ്ണമാണ് തസ്തികാനിർണയത്തിലെ മാനദണ്ഡം.
അധിക തസ്തികകൾ സംബന്ധിച്ച സമാഹൃത റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കും നിർദേശം നൽകി.










0 comments