റിയാസിനെതിരെ മൊഴിനൽകാൻ ഇ ഡി ഭീഷണിപ്പെടുത്തി; മകളെ കുടുക്കുമെന്ന് പറഞ്ഞു; ഗുരുതര വെളിപ്പെടുത്തൽ

ഹസൻ വാരിസ് ഇ ഡിക്ക് നൽകിയ സത്യവാങ്മൂലം
കോഴിക്കോട്: സിഎംആർഎൽ- എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസിനെതിരെ മൊഴിനൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ഹസൻ വാരിസ്. നിർബന്ധിച്ച് ഉദ്യോഗസ്ഥർ ഒപ്പുവെപ്പിച്ച മൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹസൻ വാരിസ് ഇ ഡിക്ക് സത്യവാങ്മൂലം നൽകി. ആഗസ്ത് 18ന് നൽകിയ മൊഴി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം നൽകിയത്.
റിയാസ് തനിക്ക് വൻതുക നൽകി എന്ന് പറയാൻ ഇ ഡി ആവശ്യപ്പെട്ടു. മകളെ അറസ്റ്റ് ചെയ്യുമെന്ന് ഭിഷണിപ്പെടുത്തിയാണ് സത്യവാങ്മൂലത്തിൽ ഒപ്പുവെപ്പിച്ചത്. തോക്കുധാരികൾ ഉൾപ്പെടെ ഇരുപതോളം ഉദ്യോഗസ്ഥരാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. വലിയ മാനസികസംഘർഷത്തിലൂടെയാണ് കടന്നുപോയത്. ഉദ്യോഗസ്ഥർ നൽകിയ മൊഴിപ്പകർപ്പിൽ തന്നെക്കൊണ്ട് നിർബന്ധിച്ച് ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നും അതിനാൽ അന്ന് നൽകിയ എല്ലാവിവരങ്ങളും പിൻവലിക്കണമെന്നും ഹസൻ വാരിസ് സത്യവാങ്മൂലത്തിൽ പറയുന്നു.
റിയാസിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി കഥകെട്ടിച്ചമച്ചത് ഈ മൊഴിപ്പകർപ്പിന്റെ അടിസ്ഥാനത്തിൽകൂടിയായിരുന്നു. മൊഴി ഭീഷണിപ്പെടുത്തി സൃഷ്ടിച്ചതാണെന്ന വെളിപ്പെടുത്തൽ വന്നതോടെ ഇ ഡിയുടെ രാഷ്ട്രീയ പകപോക്കൽ കൂടുതൽ വ്യക്തമായിരിക്കുകയാണ്.









0 comments