ഇഡി സമൻസ് സ്ഥിരീകരിച്ചെന്ന പ്രചാരണം തെറ്റ്: എം എ ബേബി

ന്യൂഡൽഹി
മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് നൽകപ്പെട്ടെന്ന വാർത്ത താൻ സ്ഥിരീകരിച്ചെന്ന രീതിയിലുള്ള പ്രചാരണങ്ങൾ തെറ്റെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സമൻസ് കിട്ടിയെന്ന് സ്ഥിരീകരിച്ച് താൻ യാതൊന്നും പറഞ്ഞിട്ടില്ല. രണ്ടുവർഷം മുന്പ് ഇഡി സമൻസ് അയച്ചെന്ന് ചില മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ രണ്ടുവർഷം കഴിഞ്ഞിട്ടും നടപടികൾ ഉണ്ടായില്ലെങ്കിൽ അത് കെട്ടിചമച്ചതാണെന്നും അസംബന്ധമാണെന്നും വ്യക്തമായില്ലേയെന്നാണ് താൻ പ്രതികരിച്ചത്.
ഇൗ പറഞ്ഞ കാര്യങ്ങൾ മറ്റൊരുതരത്തിൽ വ്യാഖാനിച്ച് സമൻസ് കിട്ടിയത് താൻ സ്ഥിരീകരിച്ചെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചു.
യുഡിഎഫിന്റെ രാഷ്ട്രീയപ്രചാരണം ഏറ്റെടുത്ത കേരളത്തിലെ ചില മാധ്യമങ്ങളാണ് ഇത്തരം വ്യാഖ്യാനങ്ങൾ നടത്തിയത്. മുഖ്യമന്ത്രി വിശദീകരിച്ചതോടെ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. ഇതെല്ലാം അസംബന്ധമാണെന്ന മുഖ്യമന്ത്രിയുടെ അതേ നിലപാടാണ് തനിക്കുമുള്ളത്. ഇൗ വിഷയത്തിൽ ഒരാശയകുഴപ്പവും നിലവിലില്ല. ‘കൂട്ടിലടച്ച തത്ത’യെന്ന് സുപ്രീംകോടതി തന്നെ വിശേഷിപ്പിച്ച കേന്ദ്രഏജൻസികൾ ഒരുപാട് കേസുകൾ കെട്ടിച്ചമയ്‌ക്കാറുണ്ട്. ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കാറുണ്ട്. ഇപ്പോൾ ചില മാധ്യമങ്ങൾ ഇഡിയുടെ കെട്ടിചമയ്‌ക്കൽ ജോലി ഏറ്റെടുത്തിട്ടുണ്ട്. അതിന്റെ ഭാഗമാണ് ഇത്തരം വാർത്തകളെന്നും ബേബി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.









0 comments