ad
Deshabhimani

മുഖ്യമന്ത്രിയുടെ ഹർജി ഇന്ന് പരിഗണിക്കും

print edition ഇഡിക്കെതിരായ ഹൈക്കോടതി വിധി ; കിഫ്‌ബിയെ തകർക്കാനുള്ള രാഷ്‌ട്രീയക്കളിക്ക്‌ തിരിച്ചടി

kiifb kerala
വെബ് ഡെസ്ക്

Published on Dec 18, 2025, 12:26 AM | 2 min read


തിരുവനന്തപുരം

ദേശീയപാത അതോറിറ്റി റിസർവ്‌ ബാങ്ക്‌ നിയമപ്രകാരം മസാലബോണ്ട്‌ വഴി പണം സമാഹരിക്കുന്നത്‌ ഇഡിക്ക്‌ കുറ്റമല്ല. എന്നാൽ ഇതേ നിയമമനുസരിച്ച്‌ കിഫ്‌ബി പണം സമാഹരിച്ചാൽ ഉടൻ നോട്ടീസ്‌, പരിശോധന, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തൽ, മുഖ്യമന്ത്രിക്കുപോലും നോട്ടീസ്‌ അയക്കൽ. തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോൾ ഇഡിയെ ഉപയോഗിച്ച്‌ കേന്ദ്രം നടത്തുന്ന ഇ‍ൗ രാഷ്‌ട്രീയക്കളിക്കാണ്‌ ഹൈക്കോടതിയിൽനിന്ന്‌ അടി കിട്ടിയത്‌.


മസാലബോണ്ടിൽ ഫെമ ലംഘനം ആരോപിച്ച്‌ കിഫ്‌ബിക്ക്‌ നോട്ടീസ് നൽകിയ ഇഡിയുടെ നടപടിയാണ്‌ ഹെെക്കോടതി സ്റ്റേ ചെയ്തത്‌. സർക്കാർ ഉന്നയിച്ച വാദങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നുകണ്ടാണ് മൂന്നുമാസത്തേക്ക്‌ തുടർനടപടികൾ സ്റ്റേ ചെയ്തത്.


ഇല്ലാത്ത നിയമത്തിലാണ്‌ ഫോറിൻ എക്‌സ്‌ചേഞ്ച്‌ മാനേജ്‌മെന്റ ആക്ട്‌ (ഫെമ) പ്രകാരം മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ വിശദീകരണം നൽകണമെന്ന്‌ ഇഡി നോട്ടീസ്‌ അയച്ചത്‌. മസാലബോണ്ട്‌ വഴി സമാഹരിച്ച പണത്തിൽനിന്ന്‌ 466 കോടി രൂപയ്‌ക്ക്‌ അടിസ്ഥാനസ‍ൗകര്യ വികസനത്തിന്‌ ‘ഭൂമി വാങ്ങി’ എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഭൂമി വാങ്ങുകയല്ല, ഏറ്റെടുക്കുകയാണ്‌ എന്ന്‌ രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. ഭൂമി ഏറ്റെടുക്കലിനും വാങ്ങലിനും രണ്ട്‌ നിയമമാണ്‌. ഭൂമി ഏത്‌ ആവശ്യത്തിനാണോ ഏറ്റെടുത്തത്‌ അതിനുമാത്രമേ ഉപയോഗിക്കാനാവൂ. കച്ചവടമോ ചൂതാട്ടമോ ഇതിലില്ല. എന്നിട്ടും ഇഡി നിയമലംഘനം കണ്ടെത്തി. മാത്രമല്ല, മസാലബോണ്ടിലെ തുകയിൽനിന്ന്‌ 66 കോടിയാണ്‌ ഭൂമി ഏറ്റെടുക്കാൻ ചെലവിട്ടത്‌. ഇതിനെയാണ്‌ 466.92 കോടി എന്ന്‌ പെരുപ്പിച്ചുകാട്ടിയത്‌. ഭൂമി ഏറ്റെടുക്കലിനോ വാങ്ങലിനോ റിസർവ്‌ ബാങ്ക്‌ നിയമപ്രകാരം തടസ്സമില്ലെന്നിരിക്കെയാണ്‌ ഇത്‌.


സാമ്പത്തികമായി കേന്ദ്രം ശ്വാസംമുട്ടിക്കുമ്പോൾ അടിസ്ഥാനസ‍ൗകര്യ വികസന പദ്ധതികൾ കേരളം നടപ്പാക്കുന്നത്‌ കിഫ്‌ബിയെ ഉപയോഗിച്ചാണ്‌. അതിന്‌ തടയിടാനാണ്‌ കിഫ്‌ബി സമാഹരിക്കുന്ന വായ്‌പയെ സംസ്ഥാനത്തിന്റെ വായ്‌പാപരിധിയിൽപ്പെടുത്തിയത്‌. എന്നിട്ടും കിഫ്‌ബിയും കേരളവും തകർന്നിട്ടില്ലെന്നുകണ്ടാണ്‌ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോഴുള്ള ഇഡിയുടെ പതിവ്‌ അരങ്ങേറ്റം. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരിൽനിന്ന്‌ വിശദീകരണം തേടാനുള്ള ഇഡിയുടെ നടപടിയാണ്‌ ഹൈക്കോടതി തടഞ്ഞത്‌.


കിഫ്‌ബിക്കെതിരെ ഇഡി നോട്ടീസ് ; മുഖ്യമന്ത്രിയുടെ ഹർജി ഇന്ന് പരിഗണിക്കും

കിഫ്ബി മസാലബോണ്ടിൽ വിദേശനാണ്യ വിനിമയചട്ട (ഫെമ) ലംഘനം ആരോപിച്ച് ഇഡി നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. തോമസ് ഐസക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവർ ചേർന്ന്‌ ഹെെക്കോടതിയിൽ ഹർജി നൽകി. കിഫ്ബിക്കെതിരായ ഹർജിയിൽ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്‌തെങ്കിലും വ്യക്തിഗത നോട്ടീസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കമുള്ളവർ ഹർജി സമർപ്പിച്ചത്. മുഖ്യമന്ത്രി നൽകിയ ഹർജി വ്യാഴാഴ്ച പരിഗണിക്കും.


മസാലബോണ്ടിലൂടെ സമാഹരിച്ച പണം 2019ൽ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാൻ വിനിയോഗിച്ചത് നിയമലംഘനമാണെന്നാണ് ഇഡി അഡ്‌ജ്യുഡിക്കേറ്റിങ്‌ അതോറിറ്റി നൽകിയ നോട്ടീസിൽ പറയുന്നത്. കിഫ്ബി ചെയർപേഴ്സൺ, മുൻ വെെസ് ചെയർപേഴ്സൺ, സിഇഒ എന്നീ നിലയിലാണ് മൂന്നുപേർക്കും നോട്ടീസ് അയച്ചത്. ഇതേ കാരണങ്ങൾ കാണിച്ച് ഇഡി കിഫ്ബിക്ക് അയച്ച നോട്ടീസ് ചൊവ്വാഴ്ച ഹെെക്കോടതി സ്റ്റേ ചെയ്തിരുന്നു. നടപടി നിയമവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയപ്രേരിത നീക്കമാണെന്നും നോട്ടീസ് ചോദ്യംചെയ്ത് സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പുസമയത്ത് ഇത്തരം നോട്ടീസുകൾ അയക്കുന്നത് വ്യക്തിഹത്യക്കാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ വാദങ്ങൾ മുഖവിലയ്‌ക്കെടുത്താണ്‌ മൂന്നുമാസത്തേക്ക്‌ തുടർനടപടികൾക്ക്‌ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ അനുവദിച്ചത്‌.


ആർബിഐ അനുമതിയോടെയാണ് മസാലബോണ്ട് ഫണ്ട് വിനിയോഗിച്ചതെന്നും കിഫ്ബിയുടെ ഇടപാടുകളിൽ ഒരുതരത്തിലുള്ള ചട്ടലംഘനവും അവർ കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ ബോധിപ്പിച്ചിരുന്നു.


അഡ്‌ജ്യുഡിക്കേറ്റിങ്‌ അതോറിറ്റി നൽകിയ നോട്ടീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് ഇഡി അപ്പീൽ നൽകിയിട്ടുണ്ട്‌. അന്വേഷണത്തെയും നിയമനടപടികളെയും തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌റ്റേയ്‌ക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home