ad
Deshabhimani

print edition കിഫ്ബിക്കെതിരായ ഇഡി നോട്ടീസ് ; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്‌ രാഷ്‌ട്രീയനീക്കമെന്ന്‌ സർക്കാർ ഹൈക്കോടതിയിൽ

kiifb kerala
വെബ് ഡെസ്ക്

Published on Dec 12, 2025, 01:45 AM | 1 min read


കൊച്ചി

കിഫ്ബി മസാലബോണ്ടിൽ വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘനം ആരോപിച്ച്‌ നോട്ടീസ് നൽകിയ ഇഡിയുടെ നടപടി നിയമവിരുദ്ധമെന്ന് സംസ്ഥാന സർക്കാർ ഹെെക്കോടതിയിൽ. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്‌, രാഷ്ട്രീയപ്രേരിതമായുള്ള നടപടിയാണിതെന്നും അടിസ്ഥാന വികസനപദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടമല്ലെന്നും സർക്കാർ വ്യക്തമാക്കി. ഇഡിയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഹർജി ജസ്റ്റിസ് വി ജി അരുൺ 16ന്‌ പരിഗണിക്കും.


മസാലബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക് വിനിയോഗിച്ചത് ഫെമ ലംഘനമാണെന്ന്‌ ആരോപിച്ചാണ്‌ ഇഡി നോട്ടീസ്. ഭൂമി വാങ്ങുന്നത് ആർബിഐയുടെ 2015–-16-ലെ മാർഗനിർദേശപ്രകാരം നിയമലംഘനമാണെന്നും നോട്ടീസിൽ പറയുന്നു. ആർബിഐയുടെ 2019-ലെ മാർഗനിർദേശങ്ങളിൽ റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾ എന്നതിൽ ‘അടിസ്ഥാനസൗകര്യ വികസനമേഖല' ഉൾപ്പെടുന്നില്ല. സംസ്ഥാനം അടിസ്ഥാനസൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുത്തത് 2019ലാണ്. അതിനാൽ 2019ലെ നിർദേശമാണ് ബാധകമാകുകയെന്നും സർക്കാർ വാദിച്ചു.


ഭൂമി വാങ്ങുകയല്ല, വികസന പദ്ധതികൾക്കായി ഏറ്റെടുക്കുകയാണ് ചെയ്തത്. കിഫ്ബിയുടെ പേരിലേക്ക് സ്ഥലം മാറ്റിയിട്ടുമില്ല. ആർബിഐ അനുമതിയോടെയാണ് മസാലബോണ്ട് ഫണ്ട് വിനിയോഗിച്ചതെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു. സ്പെഷ്യൽ ഗവ. പ്ലീഡർ വി മനുവും ഹാജരായി.

മസാലബോണ്ട് ഉപയോഗം ഫെമ അധികാരപരിധിയിലുള്ളതിനാൽ വിശദീകരണം തേടുക മാത്രമാണ് ചെയ്തതെന്നും ഹർജി നിലനിൽക്കില്ലെന്നും ഇഡി വിശദീകരിച്ചു. നോട്ടീസിൽ മറുപടി ലഭിച്ചശേഷമ മറ്റ് നടപടികൾ ആരംഭിക്കൂവെന്നും കിഫ്ബിക്ക് പരാതിയുണ്ടെങ്കിൽ അപ്പലേറ്റ് ട്രിബ്യൂണലിനെയാണ് സമീപിക്കേണ്ടതെന്നും ഇഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ എ ആർ എൽ സുന്ദരേശൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home