print edition ഇഡി നീക്കം കിഫ്‌ബി വികസനം തടയൽ ; ബിജെപിക്ക് കൈയടിച്ച് കോൺഗ്രസ്

തിരുവനന്തപുരം
കിഫ്‌ബി മുഖേന കേരളത്തിൽ സമൂലമാറ്റമുണ്ടാക്കുന്ന വികസന പദ്ധതികൾ തലയുയർത്തിയതോടെ എങ്ങിനെയും തടയാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങൾക്ക് കൈയടിച്ച് കോൺഗ്രസ്.
മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇ ഡി നോട്ടീസ് അയച്ചതറിഞ്ഞതോടെ, ‘ ലോട്ടറി ’ അടിച്ച ആഹ്ലാദത്തിലാണ് കോൺഗ്രസ് നേതാക്കളും അവരുടെ പത്രമായ മനോരമയും ചാടി ഇറങ്ങിയത്. സംസ്ഥാനത്തെ വികസനവും ക്ഷേമവും മുടങ്ങിയാലും തങ്ങളുടെ സ്ഥാപിത രാഷ്‌ട്രീയ താൽപര്യം വിജയിക്കണമെന്ന ലക്ഷ്യം മാത്രം. സംയുക്തമായി കള്ള പ്രചാരവേലയും കിഫ്‌ബിക്കെതിരെ നടത്തുകയാണ്.
റിസർവ് ബാങ്കിന്റെ സത്യവാങ്‌മൂലം ഹൈക്കോടതിയിൽ വന്നതോടെ മസാലബോണ്ട് നിയമവിരുദ്ധമാണെന്ന വാദം ഇഡി പിൻവലിച്ചു.ഫെമ നിയമ ലംഘനവും കണ്ടെത്താനായില്ല. മുൻപ് നൽകിയ നോട്ടീസുകളിൽ പറഞ്ഞ കുറ്റങ്ങളെല്ലാം വിഴുങ്ങിയ ഇഡി ഇപ്പോൾ നൽകിയ നോട്ടീസിൽ ആരോപിച്ച ‘ ഭൂമി വാങ്ങൽ ’ കുറ്റത്തിന്റെ സത്യാവസ്ഥയും പുറത്തുവന്നു. ഭൂമി വാങ്ങുകയല്ല, ഏറ്റെടുക്കുകയാണ് കിഫ്‌ബി ചെയ്തത്.
കോൺഗ്രസ്, ബിജെപി നേതാക്കൾ മസാലബോണ്ട് നിയമവിരുദ്ധമാണെന്നാണ് ഇപ്പോഴും പ്രചരിപ്പിക്കുന്നത്. എന്നാൽ, നാഷണൽ ഹെറാൾഡ് കേസിൽ അത് രാഷ്‌ട്രീയ വേട്ടയായി . കോൺഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കാൻ ഇതിൽ കൂടുതൽ ഉദാഹരണം വേണ്ട.
പലിശ കൂട്ടിയാണ് മസാലാബോണ്ട് ഇറക്കിയതെന്ന ആരോപണത്തിന് മുൻപേ തന്നെ കിഫ്‌ബി മറുപടി നൽകിയിട്ടുണ്ട്. ഇന്റർനാഷണൽ കാപിറ്റൽ മാർക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉള്ള ഇഷ്യുനെറ്റ് പ്ലാറ്റ്‌ഫോം മുഖേനയാണ് ഓഫർ സ്വീകരിക്കുന്നത്. ഇതിൽ ഏറ്റവും കുറഞ്ഞ നിരക്കിനെ കൂപ്പൺ റേറ്റായി നിശ്ചയിക്കുകയും താല്പര്യമുള്ള നിക്ഷേപകർ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ആ നിരക്കിൽ ബോണ്ടുകൾ വാങ്ങുകയുമാണ് ചെയ്യുന്നതെന്ന് തോമസ് ഐസക് വ്യക്തമാക്കുന്നു.
വികസനം തടയാൻ ബിജെപിയും കോൺഗ്രസും ഒത്തുപിടിക്കുന്ന കാഴ്‌ച സംസ്ഥാനത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ തന്നെ പുതിയ കീഴ്‌വഴക്കങ്ങളാണ് സൃഷ്ടിക്കുന്നത്.









0 comments