print edition ഇ ഡി അന്വേഷണം: സിഎംആർഎൽ അപ്പീൽ നൽകി

കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഹെെക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. സിഎംആർഎൽ–എക്‌സാലോജിക് ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി അയച്ച സമൻസുകൾ ചോദ്യംചെയ്തുള്ള ഹർജിയിൽ അന്വേഷണം തുടരാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ.
കേസ് രജിസ്റ്റർ ചെയ്യുന്പോഴോ, സമൻസ് അയക്കുന്പോഴോ, നിയമപരമായി നിലനിൽക്കുന്ന മുൻകൂർ കുറ്റകൃത്യം (ഷെഡ്യൂൾഡ് ഒഫൻസ്) ഇല്ലാതിരിക്കെ ഇഡിയുടെ അന്വേഷണം നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി. അപ്പീൽ തിങ്കളാഴ്ച പരിഗണിച്ചേക്കും. കേസിൽ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടെന്നും സിഎംആര്‍എല്‍ ഉദ്യോഗസ്ഥർ അടക്കമുള്ളവർ നൽകിയ അപ്പീലിൽ വ്യക്തമാക്കി. എസ്എഫ്‌ഐഒ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്കെതിരെ അന്വേഷണം നടത്താനാകില്ല. തങ്ങളുടെ വാദം കേള്‍ക്കുന്നതുവരെ നിലവിലെ അന്വേഷണം സ്റ്റേ ചെയ്യണം.
കമ്പനിക്ക് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഇളവുള്ളതിനാൽ ഇഡിയുടെ അന്വേഷണം നിലനിൽക്കില്ല. കേസ് 2024 ആഗസ്‌തിൽ വിധി പറയാൻ മാറ്റിയശേഷം 2025 മെയിൽ ഇഡി അധിക സത്യവാങ്മൂലം സമർപ്പിച്ചു. എന്നാൽ, തങ്ങളുടെ വാദം വിശദീകരിക്കാൻ മതിയായ അവസരം നൽകിയില്ല. എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കുന്നത് തടഞ്ഞ് ഡൽഹി ഹെെക്കോടതി 2025 മെയിൽ പുറപ്പെടുവിച്ച ഉത്തരവും എറണാകുളം സ്‌പെഷ്യൽ കോടതി നടപടികളിൽ തൽസ്ഥിതി നിലനിർത്താൻ കേരള ഹെെക്കോടതി 2025 ഏപ്രിലിൽ ഇറക്കിയ ഉത്തരവും നിലനിൽക്കെയാണ് ഇഡി പുതിയ വാദങ്ങൾ ഉന്നയിച്ചതെന്നും അപ്പീലിൽ വ്യക്തമാക്കി.










0 comments