പരിസ്ഥിതി ലോല മേഖല: അനങ്ങാതെ സർക്കാർ; ആശങ്ക ബാക്കി

കോട്ടയം/ കോഴിക്കോട് : മലയോര ജനതയുടെ തലയ്ക്കുമുകളിൽ തൂങ്ങിയാടുന്ന വാളായി പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല കരടുവിജ്ഞാപനം. പശ്‌ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകൾ(ഇഎസ്‌എ) സംബന്ധിച്ച കരട് വിജ്ഞാപനത്തെക്കുറിച്ച് പരാതികൾ അറിയിക്കാനുള്ള സമയം തീരാറായിട്ടും അനങ്ങാതെ സംസ്ഥാന സർക്കാർ. ജനവാസമേഖലകൾ ഉൾപ്പെടുത്തിയുള്ള കരട് വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. അന്തിമ വിജ്ഞാപനത്തിന് ആഴ്ചകൾ മാത്രം ശേഷിക്കുമ്പോൾ വിവിധ ജില്ലകളിലെ കാർഷിക, ടൂറിസം മേഖലകളാകെ ആശങ്കയിലാണ്. ഇതിന് പരിഹാരം കാണാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഇല്ലാത്തത് കർഷകരുടെയും ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരുടെയും നെഞ്ചിടിപ്പേറ്റുകയാണ്.
12 വർഷത്തിനിടെ ഇത് ഏഴാമത്തെ വിജ്ഞാപനമാണ് പുറത്തുവന്നിരിക്കുന്നത്. ഓരോ തവണയും സമയം നീട്ടിനൽകിയെങ്കിലും എത്രകാലം അങ്ങനെ തുടരാനാകുമെന്ന് ഇഎസ്‌എ ബാധിത മേഖലയിലെ ജനങ്ങൾ ചോദിക്കുന്നു. സർക്കാരിന്റെ ഇടപെടൽ മാത്രമേ ഇതിന് പരിഹാരമാകൂ. ഫീൽഡ് സർവേ നടത്താതെയും സാമൂഹികാഘാതം പഠിക്കാതെയുമാണ് ഇഎസ്‌എ നിശ്‌ചയിച്ചത്. മാപ്പ് ഇനിയും ലഭ്യമായിട്ടില്ല. ജനവാസമേഖലകൾ ഇഎസ്‌എയിൽ വന്നതിന് പ്രധാന ഉത്തരവാദി 2011-–16 കാലത്തെ ഉമ്മൻചാണ്ടി സർക്കാരാണ്.
ഫീൽഡ്‌തല പരിശോധനകളോ ശാസ്ത്രീയ ഭൂപട നിർണയമോ നടത്താതെ, ജനവാസ മേഖലകളെയും ഇഎസ്‌എയിൽ ഉൾപ്പെടുത്താൻ അന്നത്തെ സർക്കാർ അനുമതി നൽകി. പിന്നീട് വന്ന പിണറായി സർക്കാർ ജില്ലയിലെ വില്ലേജുകളെ ഒഴിവാക്കിയുള്ള ശുപാർശയാണ് സമർപ്പിച്ചത്. പരമാവധി ജനങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കാനുള്ള നടപടികൾ അന്ന് സർക്കാർ സ്വീകരിച്ചു. എന്നാൽ യുഡിഎഫ് സർക്കാർ അത്തരത്തിലുള്ള നടപടിക്ക് ഇതുവരെ തയ്യാറായിട്ടില്ല.
ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി എൽഡിഎഫ് സർക്കാർ നൽകിയ റിപ്പോർട്ട് അംഗീകരിക്കാതെയാണ് കേന്ദ്രം വീണ്ടും കരടുവിജ്ഞാപനം പുറത്തിറക്കിയത്. ജൂലൈ 27നാണ് കേന്ദ്രം പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം പുറത്തിറക്കിയത്. 60 ദിവസം കഴിഞ്ഞാൽ അന്തിമ വിജ്ഞാപനമാകും. ഇൗ മാസം 25 വരെയാണ് പരാതികൾ നൽകാനുള്ള അവസരമുള്ളത്.
കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ജനവാസകേന്ദ്രങ്ങളെയും പൂർണമായി ഒഴിവാക്കി വനമേഖലകളെമാത്രം പട്ടികയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു കഴിഞ്ഞ എൽഡിഎഫ് സർക്കാർ നിലപാട്. ഇതിനായി കൃത്യമായ ഇടപെടലുകളും നടത്തി. കേരളം നൽകിയ റിപ്പോർട്ടുപോലും പരിഗണിക്കാതെയാണ് കേന്ദ്രം പഴയ വിജ്ഞാപനം വീണ്ടുമിറക്കിയത്. പ്രതിപക്ഷത്താകുമ്പോൾ വലിയ സമരങ്ങൾ നടത്തിയ യുഡിഎഫ് നേതൃത്വം ഇപ്പോൾ മിണ്ടുന്നില്ല.









0 comments