ഇ–-വാഹനങ്ങൾ സർക്കാരിന് വേണ്ട; കോടികൾ മുടക്കിയ 60 ഇ–ബസ് ഉപേക്ഷിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം
: കോടികൾ മുടക്കി വാങ്ങിയ അറുപത് ഇലക്ട്രിക് ബസ് അറ്റകുറ്റപ്പണി നടത്താതെ കെഎസ്ആർടിസി ഉപേക്ഷിക്കുന്നു. കിഫ്ബിയിൽ നിന്ന് 47.5 കോടി രൂപ വായ്പയെടുത്ത് വാങ്ങിയതും സ്മാർട്ട് സിറ്റി പദ്ധതിയിലൂടെ ലഭിച്ചതുമായ ബസുകളാണ് വിവിധ ഡിപ്പോകളിൽ മാസങ്ങളായി സർവീസ് നടത്താനാകാതെ കിടക്കുന്നത്.
ഒരു ബസിന് ഏകദേശം 92 ലക്ഷം രൂപയാണ് വില.
തിരുവനന്തപുരം സിറ്റി ഡിപ്പോയിൽമാത്രം 18 ബസാണ് കട്ടപ്പുറത്തുള്ളത്. ഇവയുടെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ സ്പെയർ പാർട്സ് ലഭ്യമാക്കുന്നില്ല. കോർപറേഷന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണം.
ഡൽഹിയിലെ പിഎംഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യലിൽനിന്നുള്ള സ്വിഫ്റ്റ് ബസുകളാണ് കെഎസ്ആർടിസി- എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വാങ്ങിയത്. ഒരു കിലോമീറ്റർ സർവീസ് നടത്തുമ്പോൾ ഡീസൽ ബസിന് 40 മുതൽ 45 രൂപവരെയാണ് ചെലവ്.
ഇലക്ട്രിക് ബസിന് 20 രൂപയിൽ താഴെയും.
ഇ-–വാഹനങ്ങൾ വേണ്ടെന്ന് നിർദേശം
മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്കായി അനർട്ടിൽനിന്ന് വാടകയ്ക്കെടുത്ത 71 ഇലക്ട്രിക് കാറുകളുടെ സേവനം വേണ്ടെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ശുപാർശ ചെയ്തു.
വാഹനങ്ങൾ ചാർജ് ചെയ്യാൻ മണിക്കൂറുകൾ വേണ്ടിവരുന്നുവെന്ന് ആരോപിച്ചാണ് നടപടി.









0 comments