print edition പട്ടികജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ ആവോളം

മിൽജിത് രവീന്ദ്രൻ
Published on Mar 10, 2026, 12:30 AM | 1 min read
തിരുവനന്തപുരം: പട്ടികജാതി വിദ്യാർഥികൾക്കുള്ള ഇ–ഗ്രാന്റ് അപേക്ഷകളിൽ 2026 ജനുവരി 29 വരെയുള്ള സ്കോളർഷിപ്പുകൾ വിതരണംചെയ്തു. 2025–-26 സാമ്പത്തികവർഷം ബജറ്റ് വിഹിതത്തിനു പുറമെ അധികസഹായവും ലഭ്യമാക്കി. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിൽ സംസ്ഥാനവിഹിതം 83 കോടി രൂപയും ചേർത്ത് 407.22 കോടി രൂപയാണ് പട്ടികജാതി വിദ്യാർഥികൾക്കായി വിവിധ സ്കോളർഷിപ്പായി വിതരണംചെയ്തത്.
ബജറ്റിലും പട്ടികജാതി വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ സഹായത്തിനായി 242 കോടി രൂപ വകയിരുത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി 370 കോടിയും എംആർഎസുകൾക്ക് 22 കോടിയും ഐടിഐകൾക്ക് 15 കോടിയും വകയിരുത്തി.
പട്ടികവർഗ വിദ്യാർഥികൾക്കായി വിവിധ ഇനങ്ങളിൽ 219 കോടി രൂപയും ചേർത്ത് ആകെ 868 കോടി രൂപയാണ് വരുന്ന അധ്യയനവർഷം വകയിരുത്തിയത്.
ഒന്നു മുതൽ എട്ടുവരെ പഠിക്കുന്ന കുട്ടികളുടെ പ്രീ മെട്രിക് സ്കോളർഷിപ്പിലും രണ്ടര ലക്ഷത്തിനുമേൽ വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിലും കേന്ദ്രസർക്കാർ ഒരുപൈസപോലും നൽകുന്നില്ല. തുക മുഴുവനും സംസ്ഥാനമാണ് വഹിക്കുന്നത്. രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളള കുടുംബങ്ങളിലെ വിദ്യാർഥികൾക്കുളള കേന്ദ്ര പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിൽ 40 ശതമാനം വഹിക്കുന്നതും സംസ്ഥാന സർക്കാരാണ്.
കേരളത്തിൽ പട്ടികവിഭാഗങ്ങളുടെ ജനസംഖ്യാനുപാതത്തെക്കാൾ ഉയർന്ന വിഹിതമാണ് ബജറ്റ് വകയിരുത്തൽ. സംസ്ഥാനത്ത് പട്ടികവിഭാഗം ജനസംഖ്യ 10.55 ശതമാനമാണെങ്കിൽ 12.7 ശതമാനം ബജറ്റ് വിഹിതം വകയിരുത്തി. ദേശീയതലത്തിൽ 25.6 ശതമാനമുള്ള പട്ടികവിഭാഗങ്ങൾക്കുള്ള ബജറ്റ് വിഹിതം 6.3 ശതമാനം മാത്രമാണ്. - മന്ത്രി ഒ ആര്‍ കേളു










0 comments