ad
Deshabhimani

print edition അബിൻ വർക്കിയുടേത്‌ വഷളത്തരം; യൂത്ത്‌ കോൺഗ്രസ്‌ മാപ്പ്‌ പറയണം: വി വസീഫ്‌

V Vaseef
വെബ് ഡെസ്ക്

Published on Mar 26, 2026, 02:16 AM | 1 min read

കോഴിക്കോട്‌: വയനാട്‌ പുനരധിവാസത്തിന്‌ പിരിച്ച പണം മുക്കി, ഒരുവീട്‌ പോലുംവയ്‌ക്കാത്ത യൂത്ത്‌ കോൺഗ്രസ്‌ 20 കോടി രൂപ നൽകിയ ഡിവൈഎഫ്‌ഐക്കെതിരെ ആരോപണമുന്നയിക്കുന്നത്‌ വഷളത്തരമാണെന്ന്‌ പ്രസിഡന്റ്‌ വി വസീഫ്‌. ഉളുപ്പ്‌ ഉണ്ടെങ്കിൽ യൂത്ത്‌ കോൺഗ്രസ്‌ സമൂഹത്തോട്‌ മാപ്പ്‌ പറയണം.


വൈസ്‌ പ്രസിഡന്റ്‌ അബിൻ വർക്കി തെരഞ്ഞെടുപ്പ്‌ സമയത്ത്‌ നുണ പറഞ്ഞ്‌ സമൂഹത്തിൽ പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പിരിച്ച പണം എത്രയെന്നതിന്‌ പോലും കണക്ക്‌ ഇല്ലാത്തവരാണ്‌, പ്രവർത്തകർ അധ്വാനിച്ച്‌ സമാഹരിച്ച 20 കോടി രൂപയും വീടുകളിലേക്ക്‌ ടെലിവിഷനും നൽകിയ ഡിവൈഎഫ്‌ഐക്കെതിരെ പച്ചക്കള്ളം പടച്ചുവിടുന്നത്‌.


പണം മുക്കിയ കഴിവുകെട്ട നേതൃത്വം മാപ്പ്‌ പറയുന്നതിന്‌ പകരം വെല്ലുവിളിക്കുകയാണ്‌.

സർക്കാരുമായി ചേർന്ന്‌ വീട്‌ നിർമിക്കാൻ സിഎംഡിആർഎഫിലേക്ക്‌ പണം നൽകാനായിരുന്നു ഡിവൈഎഫ്‌ഐ തീരുമാനിച്ചത്‌. എന്നാൽ സർക്കാർ അറിയിച്ചതനുസരിച്ച്‌ തുക വയനാട്‌ ട‍ൗൺഷിപ്‌ പ്രോജക്ടിന്റെ അക്ക‍ൗണ്ടിലേക്ക്‌ കൈമാറുകയായിരുന്നു.


ഇതിനായി അക്ക‍ൗണ്ട്‌ ഉണ്ടാക്കി. ആദ്യഘട്ടമായി അഞ്ച്‌ കോടി നൽകി. വീട്‌ ഉണ്ടാക്കുന്ന മുറയ്‌ക്ക്‌ ആവശ്യാനുസരണം ബാക്കിയും നൽകി. ഇതിന്റെയെല്ലാം രേഖകൾ ഉണ്ട്‌. ടെലിവിഷനും നൽകിയ ശേഷമുള്ള തുക മറ്റു ദുരിതബാധിത പ്രദേശങ്ങളിലേക്ക്‌ വിനിയോഗിക്കും.


25 ൽ കുറയാത്ത വീടുകൾ നിർമിക്കുമെന്നായിരുന്നു യൂത്ത്‌ കോൺഗ്രസ്‌ പറഞ്ഞിരുന്നത്‌. ഇത്‌ ഏത്‌ ഘട്ടത്തിലെത്തി എന്ന്‌ എവിടെയും പറഞ്ഞിട്ടില്ല. ഇ‍ൗ പണം കൈകാര്യം ചെയ്യുന്നതിലെ ക്രമക്കേട്‌ കൊണ്ടാണ്‌ അബിൻ വർക്കിക്ക്‌ പ്രസിഡന്റ്‌ പദവി കിട്ടാത്തതെന്നും ആരോപിച്ചു. ‘വീടെവിടെ കോൺഗ്രസേ, ആപ്പെവിടെ കോൺഗ്രസേ’ എന്ന ക്യാന്പയിനിൽ ഡിവൈഎഫ്‌ഐ വ്യാപക പ്രചാരണം നടത്തുമെന്നും വസീഫ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home