print edition നിറയെ ചുവന്ന പൂക്കൾ

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ രക്തസാക്ഷി നഗറിൽ തൃശൂർ ജില്ലയിലെ 26 രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്നു കൊണ്ടുവന്ന ദീപശിഖ സംസ്ഥാന സെക്രട്ടറി വി കെ സനോജ് തെളിക്കുന്നു|ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ
തൃശൂർ: രക്തസാക്ഷി സ്‌മരണകൾ അഗ്നിനാളങ്ങളായി ജ്വലിച്ചു. രക്തനക്ഷത്രാങ്കിത ശുഭ്രപതാകകളുമായി യുവ അത്‌ലറ്റുകൾ ചുവടുവച്ചു. കടന്നുവന്ന നാട്ടിടങ്ങളിലെല്ലാം യുവതയുടെ സമരങ്ങൾ തൻ മുദ്രകൾ. പുതിയ കാല ദൗത്യം ഏറ്റെടുത്ത് നാളെയുടെ പ്രതീക്ഷയായി ചുവന്ന പൂക്കൾ വിരിയുകയാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായ പതാക– കൊടിമര– ദീപശിഖാ ജാഥകളുടെ സംഗമം തൃശൂരിൽ യുവജനമുന്നേറ്റമായി മാറി.
കൂത്തുപറന്പിൽനിന്നാരംഭിച്ച പതാക ജാഥയും വെഞ്ഞാറമൂട്ടിലെ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും സ്‌മൃതി മണ്ഡപത്തിൽനിന്നാരംഭിച്ച കൊടിമര ജാഥയും കൊടുങ്ങല്ലൂരിലെ കെ യു ബിജുവിന്റെ സ്‌മൃതി മണ്ഡപത്തിൽനിന്നാരംഭിച്ച ദീപശിഖാ ജാഥയും തൃശൂർ ജില്ലയിലെ 25 രക്തസാക്ഷി സ്‌മൃതി മണ്ഡപങ്ങളിൽ നിന്നുള്ള ഉപദീപശിഖാ ജാഥകളും തൃശൂരിന്റെ സമരഭൂമികയിൽ സംഗമിച്ചു.
യുവനേതാക്കളായ ഇ കെ ബാലന്റെയും കെ ആർ തോമസിന്റെയും കൊച്ചനിയന്റെയും ഇടതുപക്ഷപ്രസ്ഥാനത്തിന്റെ തേരാളിയായിരുന്ന അഴീക്കോടൻ രാഘവന്റെയും രക്തം വീണ തൃശൂരിന്റെ വീഥികളിലൂടെയുള്ള ജാഥകളുടെ പ്രയാണം ആവേശക്കൊടുമുടിയേറ്റമായി.
ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു ക്യാപ്‌റ്റനും എം വിജിൻ എംഎൽഎ മാനേജരുമായ പതാക ജാഥയും കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോ. ചിന്താ ജെറോം ക്യാപ്‌റ്റനും എം ഷാജർ മാനേജരുമായ കൊടിമര ജാഥയും കേന്ദ്രകമ്മിറ്റി അംഗങ്ങളായ അഡ്വ. ഗ്രീഷ്‌മ അജയഘോഷ് ക്യാപ്‌റ്റനും അഡ്വ. ആർ രാഹുൽ മാനേജരുമായ ദീപശിഖാ ജാഥകളും ഉപജാഥകളും തൃശൂർ ശക്തൻനഗറിലാണ് സംഗമിച്ചത്.
സ്വാതന്ത്ര്യ സമരത്തിന്റെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും എണ്ണമറ്റ യുവജന പോരാട്ടങ്ങളുടെയും സമരഗാഥകൾ ഇരന്പുന്ന തൃശൂരിന്റെ മണ്ണിലൂടെ നീങ്ങിയ ജാഥാപ്രയാണത്തിന് അഭിവാദ്യമേകാൻ ജനങ്ങളാകെയെത്തി. കാവടിയുടെയും വാദ്യങ്ങളുടെയും അകന്പടിയോടെയാണ് ജാഥാ പ്രയാണം പ്രതിനിധി സമ്മേളന നഗറായ പുഷ്‌പൻ നഗറിന് സമീപത്തെ രക്തസാക്ഷി നഗറിലേക്ക് നീങ്ങിയത്.










0 comments