ad
Deshabhimani

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം

print edition പതാക – കൊടിമര ജാഥകൾക്ക്‌ ആവേശോജ്വല വരവേൽപ്പ്‌; ദീപശിഖാ ജാഥ ഇന്ന്‌ കൊടുങ്ങല്ലൂരിൽനിന്ന്‌

dyfi jaatha

ചിന്ത ജെറോം ക്യാപ്‌റ്റനായ കൊടിമര ജാഥയ്ക്ക് തൃശൂർ ജില്ലാ അതിർത്തിയായ കൊരട്ടി പൊങ്ങത്ത് 
നൽകിയ സ്വീകരണം

avatar
പ്രത്യേക ലേഖകൻ

Published on Aug 19, 2026, 01:30 AM | 1 min read

തൃശൂർ : കാലം ഹൃദയത്തിലേറ്റുവാങ്ങിയ പോരാട്ടങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെയും സ്‌മരണയിൽ സാംസ്‌കാരിക നഗരിയിൽ ബുധനാഴ്‌ച നക്ഷത്രാങ്കിത ശുഭ്രപതാക ഉയരും. ഇന്ത്യയിലെ പൊരുതുന്ന യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐയുടെ 16–ാം സംസ്ഥാന സമ്മേളനത്തിന്‌ ഇതോടെ തുടക്കമാകും. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക, കൊടിമര ജാഥകൾ വിവിധ കേന്ദ്രങ്ങളിലെ ആവേശോജ്വല സ്വീകരണങ്ങളേറ്റുവാങ്ങി തൃശൂർ ജില്ലയിൽ പ്രവേശിച്ചു.


വെഞ്ഞാറമൂട്‌ ഹഖ്‌–മിഥിലാജ്‌ രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിച്ച കൊടിമര ജാഥയെ ജില്ലാ അതിർത്തിയായ പൊങ്ങത്ത്‌ സ്വീകരിച്ചു. ചാലക്കുടിയിലെ പൊതുയോഗത്തോടെ ചൊവ്വാഴ്‌ചയിലെ പര്യടനം സമാപിച്ചു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ചിന്ത ജെറോം ക്യാപ്‌റ്റനും എം ഷാജർ മാനേജരുമായ കൊടിമര ജാഥ കോട്ടയം, എറണാകുളം ജില്ലകളിലെ സ്വീകരണങ്ങൾക്കുശേഷമാണ്‌ തൃശൂരിൽ പ്രവേശിച്ചത്‌. പത്തനംതിട്ടയിലെ പര്യടനം പൂർത്തിയാക്കി ചൊവ്വാഴ്‌ച ജില്ലാ അതിർത്തിയായ ളായിക്കാട്ടുനിന്ന്‌ കോട്ടയത്തേക്ക്‌ പ്രവേശിച്ചു.


കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിച്ച പതാകജാഥയെ പാലക്കാട്‌--– തൃശൂർ ജില്ലാ അതിർത്തിയായ തണത്തറ പാലത്തിൽനിന്ന്‌ ഇരുചക്ര വാഹനങ്ങളുടെ അടന്പടിയോടെ പെരുന്പിലാവ്‌ സെന്ററിലേക്ക്‌ ആനയിച്ചു. ഇവിടെനിന്ന്‌ കുന്നംകുളം നഗരത്തിലെത്തിയശേഷം പൊതുയോഗത്തോടെ ചൊവ്വാഴ്‌ചയിലെ പര്യടനം സമാപിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ്‌ ആർ അരുൺബാബു ക്യാപ്‌റ്റനും എം വിജിൻ എംഎൽഎ മാനേജരുമായ പതാകജാഥ മലപ്പുറം, പാലക്കാട്‌ ജില്ലകളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ്‌ തൃശൂരിൽ പ്രവേശിച്ചത്‌. രാവിലെ മലപ്പുറം ആനക്കയത്തുനിന്ന്‌ പ്രയാണം ആരംഭിച്ച ജാഥയ്‌ക്ക് പെരിന്തൽമണ്ണ ചെറുകാട് ജങ്‌ഷനിൽ സ്വീകരണം നൽകി. തുടർന്ന്‌ ജില്ലാ അതിർത്തിയായ പുലാമന്തോളിൽനിന്ന്‌ പാലക്കാട് ജില്ലയിലേക്ക് പ്രവേശിച്ചു. പട്ടാന്പി, കൂറ്റനാട്‌ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.


കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഗ്രീഷ്‌മ അജയഘോഷ്‌ ക്യാപ്‌റ്റനും അഡ്വ. ആർ രാഹുൽ മാനേജരുമായ ദീപശിഖ ജാഥ ബുധൻ രാവിലെ ഏഴിന്‌ കൊടുങ്ങല്ലൂരിലെ കെ യു ബിജു രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ പ്രയാണം ആരംഭിക്കും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. ഇതോടൊപ്പം ജില്ലയിലെ 25 രക്തസാക്ഷി മണ്ഡപങ്ങളിൽനിന്നും ദീപശിഖകൾ കൊണ്ടുവരും. വൈകിട്ട്‌ നാലിന്‌ ശക്തൻ നഗറിൽ ജാഥകൾ സംഗമിക്കും. തുടർന്ന്‌ ഇൻഡോർ സ്‌റ്റേഡിയത്തിന്‌ സമീപത്തെ രക്തസാക്ഷി നഗറിലെത്തിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home