ad
Deshabhimani

print edition ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം; ഇന്ന്‌ ശുഭ്രപതാക ഉയരും

dyfi sammelanam
avatar
പ്രത്യേക ലേഖകൻ

Published on Aug 19, 2026, 01:43 AM | 2 min read

തൃശൂർ : ​ഡിവൈഎഫ്‌ഐ 16–ാം സംസ്ഥാന സമ്മേളനത്തിന്‌ ബുധനാഴ്‌ച തൃശൂരിൽ തുടക്കമാകും. പ്രതിനിധി സമ്മേളനം വ്യാഴാഴ്‌ച രാവിലെ പത്തിന്‌ നടനും ആക്ടിവിസ്റ്റുമായ പ്രകാശ്‌രാജും പൊതുസമ്മേളനം ശനിയാഴ്‌ച പ്രതിപക്ഷ നേതാവ്‌ പിണറായി വിജയനും ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ ബുധനാഴ്‌ച വൈകിട്ട്‌ രക്തസാക്ഷി നഗറിൽ പതാക ഉയർത്തുമെന്ന്‌ സംഘാടകസമിതി ചെയർമാൻ കെ വി അബ്ദുൾഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച പതാക ജാഥയും തിരുവനന്തപുരത്തെ ഹഖ്‌ മുഹമ്മദ്– മിഥിലാജ്‌ സ്‌മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച കൊടിമരജാഥയും കൊടുങ്ങല്ലൂരിലെ കെ യു ബിജു രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽനിന്ന്‌ ബുധനാഴ്‌ച ആരംഭിക്കുന്ന ദീപശിഖാ ജാഥയും ജില്ലയിലെ 25 ഡിവൈഎഫ്ഐ രക്തസാക്ഷികളുടെ സ്‌മൃതിമണ്ഡപങ്ങളിൽനിന്ന് ആരംഭിക്കുന്ന ഉപ ദീപശിഖാ ജാഥകളും അത്‌ലിറ്റുകളുടെ നേതൃത്വത്തിൽ ബുധനാഴ്‌ച വൈകിട്ട് അഞ്ചിന്‌ ശക്തൻ നഗറിലെത്തും. ജാഥകൾ സംഗമിച്ച്‌ റാലിയായി ഇൻഡോർസ്റ്റേഡിയം പരിസരത്തെത്തും.


പതാക സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്‌ണനും കൊടിമരം സംസ്ഥാനകമ്മിറ്റിയംഗം എം എം വർഗീസും ദീപശിഖ സംസ്ഥാന കമ്മിറ്റിയംഗം ഡോ. ആർ ബിന്ദുവും ഏറ്റുവാങ്ങും. രക്തസാക്ഷി നഗറിൽ സംഘാടക സമിതി ചെയർമാൻ കെ വി അബ്ദുൾഖാദർ പതാക ഉയർത്തും. ദീപശിഖ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ ജ്വലിപ്പിക്കും. വ്യാഴാഴ്‌ച രാവിലെ റീജണൽ തിയറ്ററിലെ സ. പുഷ്‌പൻ നഗറിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ പതാക ഉയർത്തും.


വെള്ളി വൈകിട്ട്‌ അഞ്ചിന്‌ രക്തസാക്ഷി കുടുംബസംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയാകും. ശനിയാഴ്‌ച പകൽ സമ്മേളനത്തിന്‌ സമാപനംകുറിച്ച്‌ വിദ്യാർഥി കോർണറിൽനിന്ന്‌ യൂത്ത്‌ ബ്രിഗേഡ്‌ മാർച്ചും പ്രകടനവും ആരംഭിക്കും. പൊതുസമ്മേളനം നടക്കുന്ന വി എസ്‌ അച്യുതാനന്ദൻ നഗറിൽ (നേതാജി ഗ്ര‍ൗണ്ട്‌) സമാപിക്കും. തുടർന്ന്‌ എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌ സംസാരിക്കും.


സമ്മേളനത്തിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം, സെക്രട്ടറി ഹിമഘ്‌നരാജ് ഭട്ടാചാര്യ, ട്രഷറർ സജീവ്‌കുമാർ, കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്‌ക്‌ സി തോമസ്, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എസ് കാർത്തിക്, പ്രസിഡന്റ്‌ ജി സെൽവരാജ്, കർണാടക സംസ്ഥാന സെക്രട്ടറി ബസവരാജ് പുജാർ എന്നിവരും പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home