'സഖാവ് പുഷ്പൻ' പുസ്‌തകത്താളിലൂടെ പുഷ്‌പനെയറിയാം

തിരുവനന്തപുരം: കൂത്തുപറമ്പ് സമരപോരാളി പുതുക്കുടിയിൽ പുഷ്പന്റെ സമഗ്രജീവചരിത്രം 'സഖാവ് പുഷ്പൻ' പ്രകാശനത്തിനൊരുങ്ങി. പുഷ്പനുമായി ദീർഘകാലം അടുത്തിടപഴകിയ ഭാനുപ്രകാശാണ് പുസ്‌തകം രചിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അവതാരികയോടെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ യുവധാര പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിക്കുന്നത്. പുഷ്പന്റെ ഒന്നാം ചരമവാർഷികദിനമായ സെപ്തംബർ 28ന് പുസ്തകം പുറത്തിറങ്ങും.
അവതാരികയിൽ പിണറായി വിജയൻ എഴുതുന്നു: "പുഷ്പനെക്കുറിച്ചും സമാനതകളില്ലാത്ത ആ സമരജീവിതത്തെക്കുറിച്ചുമുള്ള പുസ്തകം ചരിത്രപരമായ അനിവാര്യതയാണ്. ആ ചരിത്രദൗത്യം തന്നെയാണ് എത്രയും ശ്ലാഘനീയമാംവിധം ഡിവൈഎഫ്ഐ നിറവേറ്റുന്നത്. പുഷ്പന്റെ ജീവിത ഗാഥയിലൂടെ കൂത്തുപറമ്പ് സമരത്തിനും ചരിത്രത്തിൽ സാമൂഹിക സമത്വത്തിനും വേണ്ടി സമരം ചെയ്തു കടന്നുപോയ നിസ്വാർഥരായ സഖാക്കൾക്കും അനശ്വരഭാഷ്യം നൽകുകയാണ്’.
കൂത്തുപറമ്പിൽ ചോരയിലമർന്ന കെ കെ രാജീവൻ, മധു, ബാബു, കെ വി റോഷൻ, ഷിബുലാൽ എന്നീ അഞ്ച് രക്തസാക്ഷികളുടെ ജീവിതവും സ്വപ്നങ്ങളും മുപ്പതിലേറെ അധ്യായങ്ങളുള്ള പുസ്തകത്തിലുണ്ട്. ഫാസിസ്റ്റുകളുടെ കൊലക്കത്തിക്കിരയായ കെ വി സുധീഷ്, മാമൻ വാസു തുടങ്ങിയവരുടെ ജീവിതവും പ്രതിപാദിക്കപ്പെടുന്നു. മൂന്നുഭാഗങ്ങളിലായി മുന്നൂറ്റി അൻപതിലേറെ പേജുള്ള പുസ്തകത്തിൽ ദേശാഭിമാനി ഫോട്ടോഗ്രാഫറായിരുന്ന കെ മോഹനൻ പകർത്തിയതുൾപ്പെടെ നൂറിലേറെ ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. സൈനുൽ ആബിദ് ഡിസൈൻ ചെയ്ത പുസ്തകം രണ്ടു കവർചിത്രങ്ങളിൽ ലഭ്യമായിരിക്കും.









0 comments