വോട്ട് കൊള്ള; സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

തൃശൂർ: വോട്ട് കൊള്ള ആരോപണത്തിൽ സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. പൊലീസ് ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തൃശൂരിൽ ബിജെപി വോട്ട്‌ക്രമകേട് നടത്തിയതുമായി ബന്ധപ്പെട്ട് തെളിവുകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ കുടുംബത്തിനുപുറമെ ഡ്രൈവറും അനുയായിയും ആർഎസ്‌എസ് നേതാവും തൃശൂരിൽ വോട്ട് ചേർത്തിരുന്നു.
സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശേരിയിലെ വീട്ടിൽ 11 വോട്ടുകൾ ബിജെപി ചേർത്തിരുന്നതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുരേഷ് ഗോപിയുടെയും ബന്ധുക്കളുടെയും വോട്ടാണ് ചേർത്തത്.
സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടിലിപ്പോൾ വോട്ടർപ്പട്ടികയിലുള്ള താമസക്കാരില്ല. തെരഞ്ഞെടുപ്പ് മാത്രം മുന്നിൽക്കണ്ട് വോട്ട് ചേർക്കുകയായിരുന്നു.
പൂങ്കൂന്നം ഹരിശ്രീ സ്‌കൂൾ 30–ാം നമ്പർ ബൂത്തിൽ മാത്രം തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേർത്തത് 53 കള്ളവോട്ടുകളായിരുന്നു. സുരേഷ് ഗോപിയുടെ ഡ്രൈവറുടേതടക്കം ഒമ്പത് കള്ളവോട്ട് ചേർത്ത പൂങ്കുന്നം ക്യാപ്പിറ്റല്‍ വില്ലേജ് അപ്പാര്‍ട്‌മെന്റ് ഉൾപ്പെടുന്ന ബൂത്താണിത്.









0 comments