ad
Deshabhimani

print edition അണഞ്ഞു പ്രതീക്ഷയുടെ നാളം ;
 നോവായി ദുർഗ കാമി

durga kami
വെബ് ഡെസ്ക്

Published on Jan 23, 2026, 01:57 AM | 2 min read


കൊച്ചി

പ്രതീക്ഷയുടെ നാളം അണഞ്ഞു. കേരളത്തിന്റെ നോവായി ദുർഗ കാമി. എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക്‌ വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി (21) ഹൃദയാഘാതംമൂലം മരിച്ചു. വൈകിട്ട്‌ നാലോടെ ശ്വാസകോശം പ്രവർത്തനരഹിതമായി. തുടർന്ന്‌ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം സാധാരണ നിലയിലാക്കാൻ ഡോക്ടർമാർ ആറുമണിക്കൂർ പരിശ്രമിച്ചെങ്കിലും വിഫലമായി. വ്യാഴം രാത്രി 10.05നായിരുന്നു അന്ത്യം.


ഡിസംബർ 22നാണ്‌ ദുർഗ കാമി ജനറൽ ആശുപത്രിയിൽ ഹൃദയംമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക്‌ വിധേയയായത്‌. രാജ്യത്ത്‌ ആദ്യമായാണ്‌ ജില്ലാ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടന്നത്‌. മസ്‌തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ്‌ മാറ്റിവച്ചത്‌. ശസ്‌ത്രക്രിയ വിജയകരമായിരുന്നു. ബുധനാഴ്‌ച ദുർഗ കാമി ജീവൻരക്ഷാ യന്ത്രങ്ങളുടെ സഹായമില്ലാതെ സാധാരണ ജീവിതത്തിലേക്ക്‌ കടന്ന സന്തോഷവാർത്ത കേരളം കേട്ടു. 680 മണിക്കൂര്‍ എക്‌മോ പിന്തുണയ്‌ക്കുശേഷം അതിൽനിന്ന്‌ വിജയകരമായി മാറ്റിയെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും ആഹാരം കഴിക്കുന്നുണ്ടെന്നും മസിലുകളുടെ ശേഷി വീണ്ടെടുക്കാൻ ഫിസിയോതെറാപ്പി ആരംഭിച്ചതായുമുള്ള ആശുപത്രി അധികൃതരുടെ അറിയിപ്പ്‌ വന്നതോടെ പ്രതീക്ഷയും ആഹ്ലാദവും ഉയർന്നിരുന്നു.


ഹൃദയഭിത്തികൾക്ക്‌ കനംകൂടുന്ന ഹൈപ്പർ ഹെർഡിക്ടറി കാർഡിയോമയോപ്പതിയായിരുന്നു ദുർഗയ്‌ക്ക്‌. ഇതേ അസുഖം ബാധിച്ച്‌ അമ്മയെയും സഹോദരിയെയും നഷ്ടമായി. നേപ്പാൾ ഗഞ്ചിൽ മലയാളി നടത്തുന്ന അനാഥാലയത്തിലാണ്‌ ബിരുദവിദ്യാർഥിനിയായ ദുർഗ വളർന്നത്‌. ലക്‌ന‍ൗവിലും കാഠ്‌മണ്ഡുവിലും ചികിത്സ നടത്തിയിരുന്നു. പിന്നീട്‌ ധർമപുരിയിലും അമൃത ആശുപത്രിയിലുമെത്തി. ഹൃദയം മാറ്റിവയ്‌ക്കലാണ്‌ പരിഹാരമെന്ന്‌ ഡോക്ടർമാർ വിധിയെഴുതി. സാന്പത്തിക പരാധീനതമൂലം തുടർചികിത്സ എറണാകുളം ജനറൽ ആശുപത്രിയിലാക്കി. സഹോദരൻ തിലക്‌ കാമിക്കൊപ്പം പോണേക്കരയിൽ സുമനസ്സുകളിൽ ഒരാൾ നൽകിയ വീട്ടിലായിരുന്നു താമസം.


ഒരുവർഷമായി ഹൃദയത്തിന്‌ കാക്കുകയായിരുന്നു. രാജ്യത്തിന്‌ പുറത്തുള്ള വ്യക്തിക്ക്‌ അവസാന പരിഗണന മതിയെന്ന കേന്ദ്രനിയമം കുരുക്കായി. ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്‌ ശസ്‌ത്രക്രിയക്ക്‌ വഴിയൊരുക്കി. ഷിബുവിന്റെ കുടുംബാംഗങ്ങൾ അവയവദാനത്തിന്‌ സന്നദ്ധത അറിയിച്ചതോടെ സംസ്ഥാനസർക്കാർ അതിവേഗം അവയവദാനം മാറ്റിവയ്‌ക്കൽ നടപടികൾ സ്വീകരിച്ചു. ജനറൽ ആശുപത്രയിൽ എല്ലാവിധ സ‍ൗകര്യങ്ങളും സജ്ജമാക്കി. ഹൃദയം എത്തിക്കാൻ ഹെലികോപ്‌ടറും ലഭ്യമാക്കിയിരുന്നു. ശസ്‌ത്രക്രിയ വിജയകരമായി നടത്തുകയും ദുർഗകാമി ജീവിതത്തിലേക്ക്‌ മടങ്ങിയെത്തുന്നതും കാത്തിരിക്കുകയായിരുന്നു കേരളം.


അവൾ പറഞ്ഞു, നാളെ വരുന്പോൾ പുസ്‌തകം കൊണ്ടുവരണം

ദുർഗ കാമിയുടെ ജീവൻ രക്ഷിക്കാനും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും എറണാകുളം ജനറൽ ആശുപത്രി ടീം സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നുവെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. കഠിന പരിശ്രമങ്ങൾക്ക് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞില്ല. പെൺകുട്ടിയുടെ സഹോദരന്റെയും മറ്റു പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.


ശസ്ത്രക്രിയ കഴിഞ്ഞ്‌ കുറച്ചു ദിവസങ്ങൾക്കു ശേഷം ഐസിയുവിന് പുറത്തു നിന്ന് അവളെ കണ്ടതാണ് ഇപ്പോൾ മനസിൽ. ജീവൻരക്ഷ യന്ത്രങ്ങളുടെ പിന്തുണ കഴിഞ്ഞ ദിവസം മാറ്റുകയും അവൾ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു. ഇത് വലിയ പ്രതീക്ഷയാണ്‌ നൽകിയത്. നാളെ വരുമ്പോൾ വായിക്കാൻ പുസ്തകങ്ങൾ കൊണ്ടു വരണമെന്നാണ് അവൾ ഡോക്ടർമാരോട്‌ അവസാനം പറഞ്ഞതെന്ന് ശസ്‌ത്രക്രിയക്ക്‌ നേതൃത്വം നൽകിയ ഡോ. ജോർജ് വാളൂരാൻ പറഞ്ഞു–വീണാ ജോർജ്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home