print edition ഹൃദയം മടങ്ങി ; ദുർഗ കാമിക്ക് കേരളം വിടനൽകി

അന്ത്യകർമങ്ങളുടെ ഭാഗമായി നാട്ടുകാരും സുഹൃത്തുക്കളും ദുർഗ കാമിയുടെ മൃതദേഹത്തിലേക്കു ഒരുപിടി മണ്ണിടുന്നത് വിതുമ്പിക്കൊണ്ട് നോക്കി നിൽക്കുന്ന സഹോദരൻ തിലക് കാമി ഫോട്ടോ: വി കെ അഭിജിത്
കളമശേരി
ഹൃദയം നുറുങ്ങും വേദനയോടെ ദുർഗ കാമിക്ക് കേരളം വിടനൽകി. പുതുജീവിതത്തിലേക്ക് ദുർഗ കാമി മടങ്ങിവരുന്നതും കാത്തിരുന്നവർ കണ്ണീരോടെയാണ് അവൾക്ക് അവസാന യാത്രയയപ്പ് നൽകിയത്.
നേപ്പാൾ സ്വദേശിനിയായ ദുർഗ കാമി(21) ഓരോ മലയാളിയുടെയും മനസ്സിൽ ഇനി നീറുന്നൊരോർമയാകും. എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയംമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക് വിധേയയായ ദുർഗ കാമി, ഹൃദയാഘാതത്തെ തുടർന്ന് വ്യാഴം രാത്രി 10.05നാണ് മരിച്ചത്. വെള്ളി രാവിലെ ജനറൽ ആശുപത്രിയിൽ മൃതദേഹം പൊതുദർശനത്തിന്‌വച്ചപ്പോൾ, ദുർഗയെ മകളെപ്പോലെ ശുശ്രൂഷിച്ചിരുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും മറ്റു ജീവനക്കാർക്കും കാണാൻ കരുത്തുണ്ടായില്ല. തീരാവേദന ഉള്ളിലൊതുക്കി അവർ അന്ത്യാഞ്‌ജലിയർപ്പിച്ചു. ആ മുഖത്ത് അവസാനമായി തലോടി. ചുംബനം നൽകി. മൃതദേഹം ആംബുലൻസിൽ കയറ്റിയപ്പോൾ അതുവരെ അടക്കിപ്പിടിച്ച നൊന്പരം മിഴിനീർ കണങ്ങളായി പെയ്‌തിറങ്ങി.
കുസാറ്റ് ക്യാമ്പസിനുസമീപം മണ്ണോപ്പിള്ളി കോമൺ ഫെസിലിറ്റി സെന്ററിലും മൃതദേഹം പൊതുദർശനത്തിനുവച്ചു. ഉള്ളം തകർന്ന് ദുർഗ കാമിയുടെ സഹോദരൻ തിലക് കാമി മൃതദേഹത്തിന് അരികിലിരുന്നു. ചേച്ചിയുംകൂടി പോയതോടെ അനാഥനായ തിലകിനെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളുണ്ടായില്ല. ദുർഗയുടെ മൃതദേഹത്തിലേക്ക് നോക്കിയപ്പോഴെല്ലാം തിലകിന്റെ കണ്ണുകൾ തുളുന്പി. അന്ത്യചുംബനം നൽകിയപ്പോൾ തിലകിനൊപ്പം മറ്റുള്ളവരും കരഞ്ഞു. അവസാനമായി സഹോദരിയുടെ മുഖം തിലക് മൊബൈൽ ഫോൺ കാമറയിൽ പകർത്തി. വാർത്തകളിലൂടെയടക്കം ദുർഗയെ അറിഞ്ഞവർ അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു.
നേപ്പാളിലെ ഗഞ്ചിൽ ദുർഗ കാമി താമസിച്ചിരുന്ന അനാഥാലയം നടത്തുന്ന അഡ്വ. ബെന്നി ചെറിയാനും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തി. നോർത്ത് കളമശേരിയിലെ പ്രാദേശിക സമൂഹം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ഡോ. ബാബു എം ജോർജിന്റെ നേതൃത്വത്തിലായിരുന്നു പ്രാർഥനാച്ചടങ്ങുകൾ.
ഡിസംബർ 22നാണ് ദുർഗ കാമി ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക് വിധേയയായത്. രാജ്യത്ത് ആദ്യമായാണ് ജില്ലാ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടന്നത്. ശസ്‌ത്രക്രിയ വിജയകരമായിരുന്നു. ബുധനാഴ്‌ച ദുർഗ കാമി ജീവൻരക്ഷായന്ത്രങ്ങളുടെ സഹായമില്ലാതെ സാധാരണ ജീവിതത്തിലേക്ക് കടന്നിരുന്നു. ഇതിനുശേഷമാണ് ഹൃദയാഘാതം സംഭവിച്ചതും ഡോക്ടർമാരുടെ ശ്രമങ്ങളെല്ലാം വിഫലമാക്കി അന്ത്യമുണ്ടായതും.









0 comments