കോൺഗ്രസ് നേതാവ് ഉൾപ്പെട്ട മയക്കുമരുന്ന് കേസ്: 2 പേർകൂടി ബംഗളൂരുവിൽ പിടിയിൽ

മലപ്പുറം: വൻ ലഹരിശേഖരവുമായി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഉൾപ്പെടെ നാലുപേർ അറസ്റ്റിലായ കേസിൽ രണ്ടുപേരെക്കൂടി ബംഗളൂരുവിൽനിന്ന് പിടികൂടി. കോഴിക്കോട് കൊടുവള്ളി വാവാട് പുൽക്കുഴിയിൽ വീട്ടിൽ മിദ്ലാജ് (30), പോത്തുകല്ല് ഉദരക്കുളം ഉപ്പട കാവെള്ളയിൽ വീട്ടിൽ സച്ചിൻ സുരേഷ് (23) എന്നിവരെയാണ് തേഞ്ഞിപ്പലം എസ്ഐ വിപിൻ സി പിള്ളയുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു.
വിൽപ്പനക്കും ഉപയോഗത്തിനുമായി എത്തിച്ച 239.14 ഗ്രാം എംഡിഎംഎയുമായി പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കാടപ്പടി തൊട്ടിയിൽ വീട്ടിൽ എം മുഹമ്മദ് ഷരീഫ് (38), പറമ്പിൽപീടിക കാക്കത്തടം കടലുണ്ടി പുളിക്കലകത്ത് വീട്ടിൽ മുനീബ് കോയ (41), കാടപ്പടി അലക്കാപറമ്പ് വീട്ടിൽ ഷറഫുദ്ധീൻ (32), പറമ്പിൽപീടിക ഛാത്രത്തൊടി കൂരാളിൽ വീട്ടിൽ പി പി മുഹമ്മദ് നൗഫൽ (34) എന്നിവരെ ഡാൻസഫ് സംഘവും തേഞ്ഞിപ്പലം പൊലീസും ചേർന്ന് വെള്ളിയാഴ്ച പിടികൂടിയിരുന്നു. പറമ്പിൽപീടികയിൽ റോഡരികിൽ നിർത്തിയിട്ട കാറിൽനിന്നാണ് എംഡിഎംഎ പിടികൂടിയത്. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. മയക്കുമരുന്ന് സൂക്ഷിക്കുന്നതിനുള്ള കവർ, ഗ്ലാസ് ഫണൽ, ഹുക്ക, അഞ്ച് മൊബൈൽഫോണുകൾ, 27,250 രൂപ, ഹോണ്ട സിറ്റി കാർ തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു.
മിദ്ലാജാണ് നേരത്തെ പിടിയിലായവർക്ക് എംഡിഎംഎ എത്തിച്ചുനൽകിയിരുന്നത്. പണം കൈമാറിയിരുന്നത് സച്ചിന്റെ അക്കൗണ്ടിലേക്കും. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നയാളാണ് മുഹമ്മദ് ഷെരീഫ്. മയക്കുമരുന്നുമായി പിടിയിലായതോടെ മുഖം രക്ഷിക്കാനായി ഇയാളെ പുറത്താക്കി കോൺഗ്രസ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു.










0 comments