print edition റെയിൽവേയുടെ ജനാധിപത്യ അവകാശ നിഷേധം; പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ഡിആർഇയു

ചെന്നൈയിൽ ചേർന്ന ഡിആർഇയു കേന്ദ്രകമ്മിറ്റി യോഗം തമിഴ്നാട് സിഐടിയു ജനറൽ സെക്രട്ടറി കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ചെന്നൈ: റെയിൽവേയുടെ ജനാധിപത്യ അവകാശ നിഷേധത്തിനെതിരെ സതേൺ റെയിൽവേയിലുടനീളം ശക്തമായ സമരങ്ങൾക്ക് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (ഡിആർഇയു) കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു. റെയിൽവേയിൽ നടന്ന ഹിതപരിശോധനയിൽ 2024 ഡിസംബറിൽ ഡിആർഇയു അംഗീകാരം നേടിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും യൂണിയന് അർഹമായ മാനേജ്മെന്റ് പങ്കാളിത്തമോ ഓഫീസ് സൗകര്യങ്ങളോ നൽകാൻ റെയിൽവേ തയ്യാറായിട്ടില്ല.
മൂന്നുമാസത്തെ ഇടവേളകളിൽ നിർബന്ധമായും ചേരേണ്ട പിഎൻഎം, എഫ്‌എൻഎം കൂടിയാലോചനാ സംവിധാനങ്ങൾ ജിഎം തലത്തിലും പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലും പ്രവർത്തനസജ്ജമാക്കിയില്ല. റെയിൽവേയിൽ ഗതാഗത വർധനയും വരുമാന വർധനയും റെക്കോഡുകൾ സൃഷ്ടിക്കുമ്പോഴും നിലവിലെ ഒഴിവുകൾ നികത്തുന്നില്ല. തസ്തികകൾ ഏകപക്ഷീയമായി വെട്ടിക്കുറച്ച് ജീവനക്കാരുടെ മേൽ അമിതഭാരം അടിച്ചേൽപ്പിച്ച് അവരെ പീഡിപ്പിക്കുന്ന സമീപനമാണ് മാനേജ്മെന്റ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനായി സമരപരിപാടികൾക്ക് കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തത്.
ജൂൺ 17ന് ബ്രാഞ്ച് കേന്ദ്രങ്ങളിലും 24ന് ഡിവിഷൻ കേന്ദ്രങ്ങളിലും ജൂലൈ എട്ടിന് ചെന്നൈയിലെ ജിഎം ഓഫീസിനുമുന്നിലും പ്രതിഷേധിക്കും. ചെന്നൈയിൽ ചേർന്ന ഡിആർഇയു കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിഐടിയു തമിഴ്നാട് ജനറൽ സെക്രട്ടറി എസ് കണ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സുകുമാരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബേബി ഷക്കീല പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശരവണൻ കണക്കും അവതരിപ്പിച്ചു. കെ എം അനിൽകുമാർ, ശരവണൻ, രാജു, ഇളങ്കോവൻ, ജാനകി രാമൻ, ആർ ജി പിള്ള, മാത്യു സിറിയക്, ഹരിലാൽ എന്നിവർ സംസാരിച്ചു.











0 comments