print edition ജാതി അധിക്ഷേപം ; ഡോ. വിജയകുമാരിയെ സ്ഥാനത്തുനിന്ന് നീക്കണം : ഡോ. തോമസ് ഐസക്

തിരുവനന്തപുരം
വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ച ഡോ. വിജയകുമാരിയെ ഡീൻ സ്ഥാനത്തുനിന്ന് ഉടൻ നീക്കി കേരള സർവകലാശാലയുടെ അന്തസ് വീണ്ടെടുക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു. സംസ്കൃതം ഗവേഷക വിദ്യാർഥിയായ വിപിൻ വിജയനെതിരെ ഉണ്ടായ ജാതിവിവേചനത്തിനും അധിക്ഷേപത്തിനുമെതിരെ ശക്തമായ സാമൂഹ്യപ്രതികരണമാണ് ഉണ്ടായത്. വിപിന്റെ പിഎച്ച്ഡി തടയുന്നതിന് ഡീൻ എടുത്ത നിലപാട് ധാർമ്മികമായി മാത്രമല്ല ചട്ടങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമാണെന്ന് അക്കാദമിക്കുകൾ മാത്രമല്ല, നാനാതുറകളിൽപ്പെട്ടവർ ചൂണ്ടിക്കാണിച്ചു. എന്നാൽ ഇവരെ സംരക്ഷിക്കാനാണ് ഗവർണറുടെ നോമിനിയായ വൈസ് ചാൻസലർ തീരുമാനിച്ചത്.
ഓപ്പൺ ഡിഫൻസ് സംബന്ധിച്ച് സർവകലാശാല പുറത്തിറക്കിയ എല്ലാ മാനദണ്ഡങ്ങളും വ്യവസ്ഥകളും വിജയകുമാരി ലംഘിച്ചു. പ്രൊഫ. അനിൽ പ്രതാപ് ഗിരിയെപ്പോലൊരു പ്രഗത്ഭനെ പരസ്യമായി അവഹേളിച്ചു. വിപിൻ വിജയന്റെ പിഎച്ച്ഡി തീസീസ് വിലയിരുത്തിയ എക്സ്പെർട്ട് പാനലിനെയും ഗൈഡിനെയും അപമാനിച്ചു. പിഎച്ച്ഡി ഓപ്പൺ ഡിഫൻസിന് സർവകലാശാല പുറപ്പെടുവിച്ച നിഷ്‌കർഷയാണ് നടപ്പാകേണ്ടത്. അതിന് മുകളിൽ സ്വന്തം ഇഷ്ടം നടപ്പാക്കാൻ വിജയകുമാരിയ്ക്ക് ഒരധികാരവുമില്ല. ഡീനിനെ പുറത്താക്കാൻ ഇതെല്ലാം മതിയായ കാരണങ്ങളാണെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.









0 comments