ad
Deshabhimani

print edition സ്വത്വം ചേർത്തുപിടിച്ച് സമ്മേളന നഗരിയിലേക്ക്; തലതാഴ്‌ത്തിയില്ല, ഉയരെയാണെന്നും...

Anakh.jpg

ഡോ. എസ് അനഘ്

വെബ് ഡെസ്ക്

Published on Aug 20, 2026, 01:30 AM | 1 min read

തൃശൂർ: ഒരിക്കൽ മാറ്റിനിർത്തപ്പെട്ട അതേ സമൂഹത്തിൽ സ്വത്വം ചേർത്തുപിടിച്ച് തലയുയർത്തി മുന്നേറുകയാണ് ക്വീർ വ്യക്തിത്വം ഡോ. എസ് അനഘ്. അധ്യാപകനായും ഗവേഷകനായും പൊതുപ്രവർത്തകനായും സ്വന്തം ഇടം അടയാളപ്പെടുത്തിയ അനഘിന് ഇത്തവണത്തെ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം സമ്മാനിക്കുന്നത് മറ്റൊരു അഭിമാന നിമിഷം. കാഴ്ചക്കാരനായല്ല, ക്വീർ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഇത്തവണ അനഘ് സമ്മേളന നഗരിയിലേക്കെത്തുന്നത്.


അനഘിന്റെ മനസ്സിൽ നിറയുന്നത് സന്തോഷവും അഭിമാനവും മാത്രമല്ല, പിന്നിട്ട വഴികളുടെയും അതിജീവിച്ച പ്രതിസന്ധികളുടെയും ഓർമകൾകൂടിയാണ്. ഡിവൈഎഫ്ഐ അയ്യന്തോൾ മേഖലാ ട്രഷററായ അനഘ്, സ്വത്വം ചേർത്തുപിടിച്ചാണ് ജീവിതത്തിലെ ഓരോ പടിയും കയറിയത്. "ഞങ്ങളും മനുഷ്യരാണ്. ഞങ്ങൾക്കും തുല്യനീതിക്ക് അവകാശമുണ്ട്' എന്ന തിരിച്ചറിവ് ക്വീർ സമൂഹത്തിൽ ശക്തമായത് കഴിഞ്ഞ 10 വർഷത്തിനിടെയാണെന്ന് അനഘ് പറയുന്നു.


2015ൽ രൂപംകൊണ്ട ട്രാൻസ്ജെൻഡർ പോളിസി ഏറെക്കാലം കടലാസിൽമാത്രം ഒതുങ്ങിയിരുന്നുവെന്നും പിണറായി വിജയൻ മുഖ്യമന്ത്രിയായതിനുശേഷമാണ് അതിലെ പ്രഖ്യാപനങ്ങൾ യാഥാർഥ്യത്തിലേക്കെത്തിയതെന്നും ചൂണ്ടിക്കാട്ടുന്നു.

അധ്യാപകനാകാനും സ്വന്തം സമൂഹത്തെക്കുറിച്ച് പഠിച്ച് ഡോക്ടറേറ്റ് നേടാനും കഴിഞ്ഞത് ഈ സാമൂഹിക മാറ്റങ്ങളുടെ ഭാഗമായാണ്. കേരളത്തിലെ ട്രാൻസ്ജെൻഡർ നയത്തെക്കുറിച്ചുള്ള പഠനത്തിലൂടെയാണ് അനഘ് എംജി സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയത്.


​ക്വീർ സമൂഹത്തോടുള്ള മറ്റ് രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളെക്കുറിച്ച് അനഘിന് വിമർശമുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും ട്രാൻസ്ജെൻഡർ സെല്ലോ ബോർഡ്‌ രൂപീകരിച്ചിട്ടില്ലെന്നാണ് രൂക്ഷവിമർശം. താൻ ഉൾപ്പെടുന്ന സമൂഹത്തിന്റെ അസ്തിത്വം തന്നെ അംഗീകരിക്കാത്ത നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും അനഘ് പറയുന്നു. അയ്യന്തോളിലാണ് അനഘിന്റെ താമസം. സുഭാവ്‌ കുമാറും രാജശ്രീ വർമയുമാണ് മാതാപിതാക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home