print edition അന്ധകാരത്തിനെതിരെ പോരാടാൻ പ്രചോദനം


എം എ ബേബി
Published on Aug 13, 2026, 01:00 AM | 1 min read
ഡോ. എം പി പരമേശ്വരൻ കേരളത്തിലെ ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ സർവസ്വമായിരുന്നു. ഏതാനും അധ്യാപകരിലും ശാസ്‌ത്രകുതുകികളിലും ബുദ്ധിജീവികളിലും ഒതുങ്ങി നിൽക്കുകയായിരുന്ന സംഘടനയെ മഹത്തായ ബഹുജന പ്രസ്ഥാനമാക്കി പരിവർത്തിപ്പിച്ചതിൽ എംപിയുടെ കൈയൊപ്പ് പതിഞ്ഞുകിടക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ മഹാത്മാഗാന്ധി എപ്രകാരം മാറ്റിമറിച്ചുവോ അതുതന്നെയാണ് ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ കാര്യത്തിൽ എംപിയുടെ ഇടപെടലിന്റെ ഫലം.
സമ്പൂർണ സാക്ഷരത, ജനകീയ ആസൂത്രണം, പുകയില്ലാത്ത അടുപ്പ്, സ്കൂൾ വിദ്യാർഥികൾക്കായുള്ള ശാസ്‌ത്രപഠന പദ്ധതി, ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സമ്മേളന പ്രതിനിധികൾ വികേന്ദ്രീകൃത താമസസൗകര്യമൊരുക്കി വിവിധ വീടുകളിൽ താമസിക്കുന്ന പദ്ധതി തുടങ്ങി എംപിയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പാക്കപ്പെട്ട ഭാവനാപൂർണമായ മിഷനുകൾ അനവധിയാണ്.
ചിന്താ പബ്ലിഷേഴ്സിന്റെ വളർച്ചയിൽ എം പിയുടെ സംഭാവന അമൂല്യമാണ്. വൈരുധ്യാത്മക ഭൗതികവാദം എന്ന കടുകട്ടി വിഷയം ഏറ്റവും സരളമായി പ്രതിപാദിക്കുന്ന പാഠപുസ്തകം സഖാവിന്റെതാണ്. എൻജിനീയറിങ്ങിലും ആണവശാസ്‌ത്രത്തിലും അത്യുന്നത പഠനഗവേഷണങ്ങൾക്കുശേഷം സിപിഐ എമ്മിന്റെ സാധാരണ അംഗമായി പ്രവർത്തിക്കാനും ജീവിക്കാനും അദ്ദേഹം തയ്യാറായി. പദവികളോടും സ്ഥാനമാനങ്ങളോടും നിർമമമായ അകൽച്ച അദ്ദേഹം പാലിച്ചു. പത്മപുരസ്കാരം നൽകുന്നതിന് യൂണിയൻ സർക്കാർ സമ്മതം ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ല എന്ന് സവിനയം അറിയിച്ചു. പണ്ഡിറ്റ് രാഹുൽ സാംകൃത്യായനന്റെ ബൃഹദ് രചനകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുന്നതിലും മാർക്സിന്റെയും എംഗൽസിന്റെയും രചനകൾ മലയാളത്തിലാക്കുന്നതിലും നേതൃത്വപരമായ പങ്കുവഹിച്ചു.
ശാസ്‌ത്രപുസ്‌തകവിൽപ്പനയിലൂടെ ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്ന മഹത്തായ മാതൃകയ്ക്ക് പിന്നിലും മുന്നിലും എം പി ഉണ്ടായിരുന്നു. സർവരോടും സമഭാവനയോടെ പെരുമാറുന്നതിലും എംപിയുടെ സവിശേഷ ശൈലി പ്രസിദ്ധമാണ്.
1970കൾ മുതൽ എസ്എഫ്ഐയുടെ എണ്ണമറ്റ പഠനക്ലാസുകളിൽ പി ഗോവിന്ദപ്പിള്ളയെപ്പോലെ എം പി പരമേശ്വരനും നിത്യസാന്നിധ്യമായിരുന്നു, അദ്ദേഹത്തിന്റെ കൃതികളും. അന്നുമുതൽ എനിക്ക് അദ്ദേഹവുമായി സൗഹൃദമുണ്ട്. ശാസ്ത്രോന്മുഖതയ്‌ക്കുവേണ്ടിയുള്ള സാംസ്കാരിക ഇടപെടലുകളുടെ പ്രസക്തി വളരെയേറെ വർധിച്ചിരിക്കുന്ന വർത്തമാനകാലത്ത് ഡോ. എം പി പരമേശ്വരൻ നമ്മെ വിട്ടുപിരിയുന്നത് അത്യന്തം ദുഖകരമാണ്. ഡോ. എം പിയുടെ മികച്ച പ്രവർത്തനമാതൃകകൾ അന്ധകാരത്തിനെതിരെ പൊരുതി മുന്നോട്ടുപോകാൻ നമുക്ക് പ്രചോദനമാകും.










0 comments