ad
Deshabhimani

print edition എം പി പരമേശ്വരനെന്ന ജനകീയ ശാസ്ത്രകാരൻ

mp parameshwaran m v govindan

ഡോ. എം പി പരമേശ്വരനെ സിപിഐ എം സംസ്ഥാന സെക്രട്ടറി 
എം വി ഗോവിന്ദൻ സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)

avatar
എം വി ​ഗോവിന്ദൻ

Published on Aug 12, 2026, 01:00 AM | 2 min read

കേരളത്തിലെ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ പര്യായമാണ് ഡോ. എം പി പരമേശ്വരൻ. ആണവശാസ്ത്രജ്ഞനായി പ്രവർത്തിക്കുന്നകാലത്ത് അത് ഉപേക്ഷിച്ചാണ് ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വഴികളിലേക്ക് അദ്ദേഹം എത്തിച്ചേരുന്നത്. ശാസ്ത്രീയമായ അറിവുകൾ ജനങ്ങളിലെത്തിക്കുന്നത്‌ ഇടതുപക്ഷ രാഷ്ട്രീയത്തിനും തൊഴിലാളിവർഗ മുന്നേറ്റത്തിനും സഹായകമായിത്തീരുന്നത്. അത്തരമൊരു ഇടപെടലാണ് കേരളീയസമൂഹത്തിൽ എം പി പരമേശ്വരൻ നടത്തിയത്. അതോടൊപ്പം പാർടിയുടെ ആശയപരമായ കാഴ്‌ചപ്പാടുകൾ ജനങ്ങളിലെത്തിക്കാനും അദ്ദേഹം പരിശ്രമിച്ചു.


ചിന്ത വാരികയുടെ പ്രവർത്തകനായും എം പി പരമേശ്വരൻ ഉണ്ടായിരുന്നു. ​മാർക്സിന്റെയും എംഗൽസിന്റെയും കൃതികൾ മലയാളത്തിൽ എത്തിക്കുന്നതിനും നേതൃത്വപരമായ പങ്കാണ് എം പി വഹിച്ചത്. വൈരുധ്യാത്മക ഭൗതികവാദമെന്ന പേരിൽ ഒരു പുസ്‌തകം മാർക്സോ എംഗൽസോ എഴുതിയിട്ടില്ല. അത്തരം കാഴ്ചപ്പാടിൽ ലോകത്തെ മനസ്സിലാക്കാനും വിശകലനം ചെയ്യാനുമാണ് അവർ പരിശ്രമിച്ചത്. എം പി പരമേശ്വരൻ ‘വൈരുധ്യാത്മക ഭൗതികവാദം’ എന്നപേരിൽത്തന്നെ ഒരു പുസ്‌തകം മലയാളത്തിൽ എഴുതുകയുണ്ടായി. കേരളത്തിലെ പാർടിയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ടെക്സ്റ്റ്ബുക്ക് എന്ന നിലയിൽത്തന്നെയാണ് അത് കണക്കാക്കിയിരുന്നത്.


ഞാനൊക്കെ ആ വിഷയത്തിൽ ക്ലാസെടുക്കുന്നതിന് ആശ്രയിച്ചതും ആ പുസ്‌തകമായിരുന്നു. ലളിതമായ ഉദാഹരണത്തിലൂടെ ആ വിഷയം അവതരിപ്പിക്കുന്നുവെന്നതാണ് അതിന്റെ സവിശേഷത. ​ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ജീവനാഡിയായിരുന്നു എം പി പരമേശ്വരൻ. പരിഷത്തിന്റെ ജനകീയമുഖമായി മാറിയ കലാജാഥയിലെ അംഗമെന്ന നിലയിലും എം പി പ്രവർത്തിച്ചിരുന്നു. അധികാരവികേന്ദ്രീകരണത്തിന്റെ കാഴ്‌ചപ്പാടുകൾ പ്രാവർത്തികമാക്കാൻ ധൈഷണിക നേതൃത്വമായിത്തന്നെ അദ്ദേഹം പ്രവർത്തിച്ചു. സാമൂഹ്യവ്യവസ്ഥയെ മാറ്റിമറിക്കാതെ അധികാരവികേന്ദ്രീകരണത്തിലൂടെ മറ്റൊരു ലോകം സാധ്യമാണെന്ന തെറ്റായ സമീപനത്തെ പാർടിക്ക് തള്ളിക്കളയേണ്ടിയും വന്നിട്ടുണ്ട്. ​പാർടി സംസ്ഥാന സെക്രട്ടറിയായശേഷം എം പി പരമേശ്വരനെ ഞാൻ വീട്ടിൽ പോയിക്കണ്ടിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക സ്ഥിതിഗതികളെല്ലാം വിശദമായി സംസാരിക്കുന്ന എം പിയേയാണ് കണ്ടത്. ആശയപരമായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ പാർടിനടപടിക്ക് വിധേയമായിട്ടുണ്ടെങ്കിലും പാർടിക്കെതിരായി ഒരു വാക്കുപോലും സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. നടപടിയെ അംഗീകരിച്ചുകൊണ്ടുതന്നെ ഇടതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനത്തിലായിരുന്നു അവസാനകാലംവരെ അദ്ദേഹം ഏർപ്പെട്ടിരുന്നത്. വ്യക്തിപരമായ താൽപ്പര്യങ്ങളോ സ്ഥാനമാനങ്ങൾ നേടിയെടുക്കാൻ ആഗ്രഹമോ ഒരുഘട്ടത്തിലും കാണിച്ചില്ല.


പ്രവർത്തിക്കുന്ന ഇടങ്ങളിലെല്ലാം ലാളിത്യവും ഉന്നതമായ ചിന്തയും അദ്ദേഹം ഉയർത്തിപ്പിടിച്ചു. ​കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വളർച്ചയ്‌ക്ക് മണ്ണൊരുക്കുന്ന ശാസ്ത്രീയ ചിന്തകളുടെയും ജനകീയ വികസന കാഴ്ചപ്പാടിന്റെയും വക്താവായി അവസാനംവരെ എം പി പരമേശ്വരൻ പ്രവർത്തിച്ചു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും ശാസ്ത്രപ്രസ്ഥാനത്തിനും ജനകീയ രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് എം പി പരമേശ്വരന്റെ മരണത്തിലൂടെ ഉണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home