print edition ഒഴിവുകളിൽ കോൺഗ്രസ് അനുകൂലികളെ തിരുകികയറ്റാനെന്ന് സൂചന; പിഎസ്‌സി നിയമനം അട്ടിമറിക്കാൻ ശ്രമം

അഖില ബാലകൃഷ്ണൻ
Published on Jun 15, 2026, 12:12 AM | 1 min read
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ തരംതാഴ്‌ത്തിയ നടപടി ഡോക്ടർമാരുടെ പിഎസ്‌സി നിയമനം അട്ടിമറിക്കാനെന്ന് സൂചന. ഭരണപക്ഷ അനുകൂല സംഘടനകളുടെ താൽപ്പര്യത്തിനനുസരിച്ച് നീങ്ങി കോഴ വാങ്ങി, ഒഴിവുകളിൽ സ്വന്തക്കാരെ സ്ഥലംമാറ്റത്തിലൂടെ നിയമിക്കാനാണ് നീക്കം. ഇതിനായി, ഡയറക്ടർക്കുമേൽ സംഘടനാ നേതാക്കൾ സമ്മർദം ചെലുത്തിയിരുന്നു.
ആരോഗ്യവകുപ്പിൽ 395 അസിസ്റ്റന്റ് സർജൻ, മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നൽകി പിഎസ്‌സി ഉത്തരവ് പുറത്തിറക്കിയിരുന്നു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഏപ്രിലിലാണ് ശുപാർശ വന്നത്. നിയമന ഉത്തരവ് വന്നതിനുപിന്നാലെ ഒഴിവുള്ള സ്ഥലങ്ങളിലേക്ക് ഡോക്ടർമാരെ നിശ്ചയിച്ചുള്ള പട്ടിക ആരോഗ്യവകുപ്പ് ഡയറക്ടർ തയ്യാറാക്കി. പകർച്ചവ്യാധി വ്യാപനംകൂടി കണക്കിലെടുത്ത് വടക്കൻ ജില്ലകളിലേക്കും ഗ്രാമീണ മേഖലകളിലേക്കും അടിയന്തര നിയമനം നടത്താനുള്ള നടപടിയാണ് ഡയറക്ടർ സ്വീകരിച്ചത്.
350 ഡോക്ടർമാരെയും ജീവനക്കാരെയും സ്ഥലംമാറ്റാനാവശ്യപ്പെട്ട് ഭരണപക്ഷ അനുകൂല സംഘടനകളും എംഎൽഎമാരും നിരന്തരം ഭീഷണിപ്പെടുത്തുന്നതിനിടയിലും പിഎസ്‌സി നിയമന നടപടികളുമായി കെ ജെ റീന മുന്നോട്ടുപോയി.
ജനറൽ ട്രാൻസ്‌ഫർ നടക്കുന്നതിനാൽ ചട്ടവിരുദ്ധ സ്ഥലമാറ്റത്തെ ഡയറക്ടർ എതിർത്തു. ഡയറക്ടറെ തടഞ്ഞുവച്ച് ഉത്തരവിറക്കാനും ശ്രമമുണ്ടായി. ഇതിനിടയിലാണ്, വ്യാജ ആരോപണം ഉന്നയിച്ച് സ്ഥാനത്തുനിന്ന് നീക്കിയത്. കോൺഗ്രസ് അനുകൂല സർവീസ് സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥർ ഫയൽ മുന്നോട്ടുനീക്കിയില്ല. ഡോക്ടർമാരുടെ നിയമനംകൂടാതെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്കും സ്വന്തക്കാരെ തിരുകിക്കയറ്റാൻ ശ്രമമുണ്ട്. നിയമനം വാഗ്ദാനംചെയ്ത് പ്രദേശിക കോൺഗ്രസ് നേതാക്കൾ വ്യാപകമായി പണപ്പിരിവ് നടത്തുന്നുണ്ട്. അനധികൃത സ്ഥലംമാറ്റം എതിർത്തതിന് ഭരണപക്ഷ സംഘടനയിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിലേക്ക് സ്ഥലം മാറ്റിയിരുന്നു.










0 comments