നിർണായകമായ എൻസൈമുകൾ വികസിപ്പിച്ചതിന് പിന്നിൽ മലയാളിയായ ഡോ. ജയചന്ദ്രൻ കിഴക്കേടത്തും
print edition ഏത് രക്തഗ്രൂപ്പിലുള്ള വൃക്കയും ആര്‍ക്കും സ്വീകരിക്കാന്‍ വഴിതുറക്കുന്നു ; കാനഡ സര്‍വകലാശാലയിലെ ഗവേഷണം വിജയം

ഒട്ടാവ
ഏത് രക്തഗ്രൂപ്പിലുള്ള വൃക്കയും ഏത് മനുഷ്യശരീരത്തിലും പ്രവര്‍ത്തിപ്പിക്കാന്‍ വഴിയൊരുക്കുന്ന നിര്‍ണായ കണ്ടെത്തലുമായി ഗവേഷകര്‍. അവയവമാറ്റ ശസ്‌ത്രക്രിയാരംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്‌ടിച്ചേക്കാവുന്ന പരീക്ഷണം വിജയമാക്കിയത് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ഗവേഷകരാണ്. ഏത് രക്തഗ്രൂപ്പിലുള്ളവര്‍ക്കും സ്വീകരിക്കാന്‍ കഴിയുംവിധം മനുഷ്യവൃക്കയെ പരിവര്‍ത്തനം ചെയ്യുന്നതിലാണ് ഇവര്‍ വിജയിച്ചത്. സർവകലാശാലയിലെ രസതന്ത്രജ്ഞനായ ഡോ. സ്റ്റീഫൻ വിതേഴ്‌സും മലയാളിയായ ഡോ. ജയചന്ദ്രൻ കിഴക്കേടത്തും 2019ല്‍ വികസിപ്പിച്ചെടുത്ത എൻസൈമുകളാണ് ഈ പരീക്ഷണത്തില്‍ നിര്‍ണായകമായത്.
"എ' രക്തഗ്രൂപ്പുള്ള മരണപ്പെട്ട വ്യക്തിയുടെ വൃക്ക സാര്‍വത്രിക രക്തഗ്രൂപ്പായ "ഒ' ആക്കി മാറ്റുന്നതില്‍ ഇവര്‍ വിജയിച്ചു. മസ്‌തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ ശരീരത്തില്‍ കുടുംബത്തിന്റെ സമ്മതത്തോടെ ഈ വൃക്ക മാറ്റിവച്ചു. ശരീരം ഈ വൃക്കയെ നിരസിച്ചില്ലെന്നു മാത്രമല്ല, ദിവസങ്ങളോളം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്നും ‘നേച്ചർ ബയോമെഡിക്കൽ എൻജിനീയറിങ്' എന്ന ജേണല്‍ വെളിപ്പെടുത്തി.
ഡോ. സ്റ്റീഫൻ വിതേഴ്‌സും ഡോ. ജയചന്ദ്രൻ കിഴക്കേടത്തും വികസിപ്പിച്ച എൻസൈമുകൾ തന്മാത്രാ കത്രിക പോലെ പ്രവര്‍ത്തിക്കുകയും രക്തഗ്രൂപ്പിനെ ‘എ' ആക്കി മാറ്റുന്ന പഞ്ചസാര തന്മാത്രകളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതോടെ ദാതാവിന്റെ വൃക്ക ഏത് രക്തഗ്രൂപ്പിനോടും യോജിക്കുംവിധം മാറും.
വൃക്ക മാറ്റിവയ്‌ക്കലിലെ ഏറ്റവും വലിയ വെല്ലുവിളി അതേ രക്തഗ്രൂപ്പിലുള്ള ദാതാവിനെ ലഭിക്കാനുള്ള കാലതാമസമാണ്. ദാതാവിന്റെ വൃക്ക ‘ഒ' ഗ്രൂപ്പിലേക്ക് മാറ്റാന്‍ കഴിയുന്നത് അവയവ ദാതാക്കളുടെ ലഭ്യത കൂട്ടും.






0 comments