ad
Deshabhimani

താടിയും മുടിയും മുറിച്ചു, മുറിയിൽനിന്ന് പുറത്തിറങ്ങിയില്ല; സിറിയകിനെ കുടുക്കിയത് ഹോംസ്റ്റേ ജീവനക്കാരന്റെ ജാ​ഗ്രത

cyriac george jaslia death

ഡോ. സിറിയക് പി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ

വെബ് ഡെസ്ക്

Published on Mar 07, 2026, 10:17 AM | 1 min read

വാഗമൺ/അങ്കമാലി​: അങ്കമാലിയിൽ കോളേജ് വിദ്യാർഥിനി വിദ്യാർഥിനി ജാസ്‌ലിയ ജോൺസൺ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഡോ. സിറിയക് പി ജോർജിനെ (26) പിടികൂടാൻ സഹായകമായത് ഹോംസ്റ്റേ ജീവനക്കാരന്റെ ജാഗ്രത. കോട്ടയം അതിരമ്പുഴ സ്വദേശിയായ സിറിയക്കിനെ ഇടുക്കി വാഗമണ്ണിലെ ഹോംസ്റ്റേയിൽനിന്നാണ് അറസ്‌റ്റ്‌ ചെയ്‌തത്‌. കുന്നുകര ചാലാക്കൽ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി വിദ്യാർഥിയാണിയാൾ.


താടിയും മീശയും നീക്കിയാണ്‌ ഹോംസ്‌റ്റേയിൽ താമസിച്ചിരുന്നത്‌. കോട്ടയം സെഷൻസ്‌ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകിയിരുന്നു. വെള്ളി പകൽ 11 ഓടെയാണ് കണ്ണംകുളത്തെ ഹോംസ്റ്റേയിൽനിന്ന് വാഗമൺ എസ്ഐ പി വി സുനിൽ പ്രതിയെ കസ്‍റ്റഡിയിലെടുത്തത്.


രണ്ടുദിവസംമുമ്പാണ് സിറിയക്കിന്റെ ബന്ധു ഇവിടെ മുറി ബുക്ക്ചെയ്‍തത്. സിറിയക്കിനെ ഇവിടെയെത്തിച്ച് ബന്ധു മടങ്ങി. ഇയാൾ മുറിക്കുള്ളിൽത്തന്നെ ഇരിക്കുന്നതിൽ സംശയം തോന്നിയ ജീവനക്കാരൻ പുണെയിലായിരുന്ന ഹോംസ്‌റ്റേ ഉടമയെ വിളിച്ചറിയിച്ചു. തനിക്ക് തങ്ങൾപാറയിൽ വസ്‍തുവുണ്ടെന്നും അവിടെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് സിറിയക്ക് വന്നിരിക്കുന്നതെന്നുമാണ് മുറി ബുക്ക്ചെയ്‍ത ബന്ധു, ഉടമയോട് പറഞ്ഞിരുന്നത്. രണ്ടുദിവസമായി പുറത്തിറങ്ങിയിട്ടില്ലെന്ന് അറിഞ്ഞതോടെ സ്ഥാപന ഉടമതന്നെയാണ് പൊലീസിനെ അറിയിച്ചതെന്നാണ് വിവരം.


അന്വേഷകസംഘം ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതി വാഗമൺ ഭാഗത്തുള്ളതായി സൂചനയുണ്ടായിരുന്നു. പ്രത്യേക അന്വേഷകസംഘത്തലവൻ ആലുവ ഡിവൈഎസ്‌പി എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിൽ അങ്കമാലി സ്റ്റേഷനിൽ എ ത്തിച്ച്‌ ചോദ്യംചെയ്‌തു.


അച്ഛൻ ജോർജ് മാത്യുവിനെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇതിനുപിന്നാലൊണ്‌ സിറിയക്‌ പിടിയിലായത്. ജോർജ് മാത്യുവിന് കോടതി ജാമ്യം നൽകി. സിറിയക്കിനെതിരെ നരഹത്യക്ക്‌ ജാമ്യമില്ലാത്തവകുപ്പ്‌ ചേർത്താണ്‌ കേസെടുത്തത്‌.


ഫെബ്രുവരി 28ന് ടെൽക്കിനുസമീപം റോഡരികിലൂടെ നടന്നുപോകുന്പോഴാണ്‌ ജാസ്‌ലിയയെ കാറിടിച്ചത്‌. ആശുപത്രിയിൽ എത്തിക്കാതെ ഇയാൾ കടന്നു. മാർച്ച്‌ മൂന്നിന്‌ പുലർച്ചെ മസ്തിഷ്കമരണം സംഭവിച്ച ജാസ്‌ലിയയുടെ അവയവങ്ങൾ നാലുപേർക്ക് കൈമാറിയിരുന്നു. വൈപ്പിൻ -എടവനക്കാട് കളത്തിപ്പറമ്പിൽ ജോൺസൺ–ലിമ ദമ്പതികളുടെ മകളാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home