print edition കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം ; വിപിന്റെ പിഎച്ച്ഡി പ്രബന്ധം തടയല്‍ : ഡീനിന്റെ ഇടപെടല്‍ ചട്ടലംഘനം

തിരുവനന്തപുരം
കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ ജാത്യാധിക്ഷേപം നടത്തിയ ഡോ. സി എന്‍ വിജയകുമാരി ഗവേഷകന്റെ പിഎച്ച്ഡി തടസ്സപ്പെടുത്തിയത് ബോധപൂര്‍വം. പരാതിക്കാരനായ ഗവേഷകന്‍ വിപിന്‍ വിജയന്റെ ഓപ്പൺ ഡിഫൻസിൽ ഓറിയന്റല്‍ സ്റ്റഡീസ് ഡീന്‍ വിജയകുമാരി ചട്ടലംഘനം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വിപിന്‍ പൊലീസിനും കൈമാറിയിട്ടുണ്ട്.
സർവകലാശാലാ നിയമപ്രകാരം ഓപ്പൺ ഡിഫൻസിന്റെ ചെയർമാൻ, വൈസ് ചാൻസലർ നിയോഗിച്ച എക്സ്റ്റേണൽ കമ്മിറ്റിയാണ്. പിഎച്ച്ഡി ഓപ്പൺ ഡിഫൻസിൽ ഡീനിന്റെ അധികാരം മോണിറ്ററിങ് മാത്രമാണ്. എന്നാൽ വിപിന്റെ പിഎച്ച്ഡി ഓപ്പണ്‍ ഡിസ്‌കഷനില്‍ ചെയര്‍മാൻ പിഎച്ച്ഡി പ്രഖ്യാപിച്ചു. ഇതിനെ മറികടന്ന് സി എൻ വിജയകുമാരി പ്രബന്ധം മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ താനാണ് ചെയര്‍മാനെന്നും വിപിന് പിഎച്ച്ഡി യോഗ്യതയുണ്ടെന്നും വിഷയത്തില്‍ ഡീന്‍ അനാവശ്യമായി ഇടപെടരുതെന്നും ഡോ. അനില്‍ പ്രതാപ് ഗിരി പറയുന്നുണ്ട്. അലഹബാദ് പ്രയാഗ് രാജ് സര്‍വകലാശാലയിലെ പ്രൊഫസറായിരുന്നു കമ്മിറ്റി ചെയര്‍മാന്‍. ഓപ്പണ്‍ ഡിസ്‌കഷന്റെ ചട്ടപ്രകാരമുള്ള നന്ദി പറയാനും വിജയകുമാരി അനുവദിച്ചില്ല. ഇതോടെ ഡിസ്‌കഷന്‍ നടന്ന ഹാളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. വിപിന് പിഎച്ച്ഡി അവാര്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്ന ചെയര്‍മാന്റെ പ്രഖ്യാപനത്തെ കൈയടിച്ചാണ് ഗവേഷകര്‍ സ്വീകരിച്ചത്. ഇതിനുശേഷമാണ് വിപിന്‍ വിജയന് പിഎച്ച്ഡി നൽകരുതെന്ന് നിര്‍ദേശിച്ച് വിജയകുമാരി താല്‍ക്കാലിക വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കിയത്.
ജാതി അധിക്ഷേപം: ഡീനിനെതിരെ നടപടി വേണം
കേരള സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിക്കുനേരെ ജാതി അധിക്ഷേപം നടത്തിയ സംസ്കൃതംവകുപ്പ് മേധാവി ഡോ. സി എൻ വിജയകുമാരിക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്ന് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി സർവകലാശാലയിലെ ഉന്നത സ്ഥാനങ്ങളിലും അക്കാദമിക സമിതികളിലും സംഘപരിവാർ ആശ്രിതരെ കുത്തിനിറച്ചതിന്റെ തിക്തഫലമാണ് ഇപ്പോള്‍ കാണുന്നത്. മതനിരപേക്ഷതയും നവോത്ഥാന മൂല്യങ്ങളും പിന്തുടരുന്ന കേരളത്തിലെ സർവകലാശാലകളിൽ രോഹിത് വെമുലമാരെ സൃഷ്ടിക്കാനുള്ള സംഘപരിവാർ ശക്തികളുടെ ശ്രമങ്ങളെ ചെറുക്കണമെന്ന് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് സന്തോഷ് ജി നായർ, ജനറൽ സെക്രട്ടറി എ എസ് സജിത്ഖാൻ എന്നിവർ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.









0 comments