print edition പ്രതിഷേധിച്ച് സെനറ്റംഗങ്ങള്‍ ; യൂട്യൂബ് വീഡിയോ കണ്ട് വിസി

തിരുവനന്തപുരം
ഗവേഷക വിദ്യാർഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ കേരള സർവകലാശാല സംസ്‌കൃതം ഡീൻ ഡോ. സി എൻ വിജയകുമാരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് യോഗത്തിൽ പ്രതിഷേധം. ജാതി അധിക്ഷേപത്തില്‍ ആരോപണ വിധേയായ ഡീനും സെനറ്റംഗവുമായ വിജയകുമാരിയെ ഒഴിവാക്കി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ചൊവ്വാഴ്ച ചേര്‍ന്ന സെനറ്റ് യോഗത്തില്‍ ഇടതുപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിസി മറുപടി നൽകിയില്ല. വിജയകുമാരി മുറി വിട്ടിറങ്ങാന്‍ തയ്യാറായതുമില്ല. ഇതോടെ വിദ്യാര്‍ഥി പ്രതിനിധികളടക്കം പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു.
എന്നാൽ, വിഷയത്തിന്റെ പ്രധാന്യം പരിഗണിക്കാതെ താല്‍ക്കാലിക വി സി ഡോ. മോഹനന്‍ കുന്നുമ്മല്‍ മൊബൈലിൽ യൂട്യൂബ് വീഡിയോ കണ്ടിരിക്കുകയായിരുന്നു. പ്രതിഷേധം നാല് മണിക്കൂർ നീണ്ടതോടെ മറ്റ് നടപടിയിലേക്ക് കടക്കാതെ കുന്നുമ്മൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. വിസിയുടെ ധിക്കാര നടപടിക്കെതിരെ ഇടതുപക്ഷ അംഗങ്ങള്‍ സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു. ജാതി അധിക്ഷേപവും പിഎച്ച്ഡി തടഞ്ഞ നടപടിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്സണ്‍ എസ് അശ്വിന്‍ അടിയന്തര പ്രമേയ നോട്ടീസും നൽകിയിരുന്നു.
കാര്യവട്ടം ക്യാമ്പസിലെ സംസ്കൃത ഗവേഷകന്‍ വിപിൻ വിജയൻ എം ഫിൽ ചെയ്യുമ്പോഴും വിജയകുമാരി സമാനരീതിയിൽ ജാതി അധിക്ഷേപം നടത്തിയതായി സിന്‍ഡിക്കറ്റ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ജി മുരളീധരന്‍ പറഞ്ഞു. " സംസ്‌കൃതം പഠിക്കാനും പഠിപ്പിക്കാനും ബ്രാഹ്മണർക്കേ കഴിയൂ. ദളിതർ ഇൗ ഭാഷ കൈകാര്യം ചെയ്താൽ അശുദ്ധമാകും'എന്നായിരുന്നു പരാമർശം. ജാതിവെറിയുടെ പ്രതീകമായ വിജയകുമാരിയെ സംരക്ഷിച്ചാൽ വിസിക്കെതിരെ പ്രതിഷേധം ആരംഭിക്കാനാണ് തീരുമാനമെന്ന് മുരളിധരന്‍ പറഞ്ഞു.









0 comments