print edition കിഫ്ബിയെ തകർക്കരുത്; അസംബന്ധ കണക്കുകൾ നിരത്തി നേട്ടങ്ങളെ മറയ്ക്കാനാകില്ല


സ്വന്തം ലേഖകൻ
Published on Oct 17, 2026, 01:01 AM | 1 min read
കൊട്ടാരക്കര : കിഫ്ബിയിലൂടെ കേരളം കൈവരിച്ച വികസന നേട്ടങ്ങളെ അസംബന്ധ കണക്കുകൾ നിരത്തി മറയ്ക്കാനാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരുലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ കൈകാര്യംചെയ്യാൻ പ്രാപ്തി നേടിയ ബദൽ പ്രസ്ഥാനമായി മാറിയ കിഫ്ബി ഇന്ത്യയ്ക്ക് മാതൃകയാണ്. കേന്ദ്ര ബജറ്റ് കേരളത്തിന്റെ വികസന മേഖലയെ അവഗണിച്ചപ്പോൾ അതിന് ബദലായത് കിഫ്ബിയാണ്. അതുവഴി ശ്രദ്ധേയമായ നിരവധി വികസന പദ്ധതികൾക്ക് ഫണ്ട് ഉറപ്പാക്കി. നാടിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടായി. യുഡിഎഫ് സർക്കാൾ ഇപ്പോൾ കിഫ്ബിയെ ഇല്ലാതാക്കാൻ നോക്കുന്നു. അത് കേരളത്തിന്റെ ഭാവി വികസനത്തെ തകർക്കും. സിപിഐ എം വിപുലീകൃത കൊല്ലം ജില്ലാ കമ്മിറ്റി യോഗം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കൊട്ടാരക്കര മാർത്തോമ ജൂബിലി മന്ദിരം) ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ആരൊക്കെ വോട്ടുചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിക്കുന്ന അവസ്ഥയാണ്. എസ്ഐആറിന്റെ പേരിൽ 13കോടി പൗരന്മാരുടെ വോട്ടവകാശമാണ് ഇല്ലാതാക്കിയത്. ഇതിനെതിരായ പോരാട്ടമാണ് ഇപ്പോൾ രാജ്യത്താകെ ശക്തമായിരിക്കുന്നത്. ആ പോരാട്ടം വിജയിക്കും. ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് ആയുധങ്ങളല്ല, ജനങ്ങളാണ്. സാഹസികമായ സഹനസമരമാണ് വിദ്യാർഥികളും യുവാക്കളും നടത്തുന്നത്. പൊതുസമൂഹം സമരത്തിന് ഒപ്പമാണ്. വിദ്യാർഥികളും യുവാക്കളും നയിക്കുന്ന പോരാട്ടം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments