print edition ഇരുണ്ടകാലം തിരിച്ചുവരാൻ അനുവദിക്കരുത്

എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാർ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. എസ് ആദികേശവൻ, വി ജോയി എംഎൽഎ, സി എൻ മോഹനൻ, എം വി ഗോവിന്ദൻ, ബിനോയ് വിശ്വം, തോമസ് ഐസക്, കെ കെ ശൈലജ, എം വി ശശിധരൻ എന്നിവർ വേദിയിൽ

സ്വന്തം ലേഖകൻ
Published on Jun 24, 2026, 12:54 AM | 1 min read
തിരുവനന്തപുരം : നാം താണ്ടിവന്ന ഇരുണ്ടകാലത്തെ തിരിച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ട് യുഡിഎഫ് സർക്കാർ അവതരിപ്പിക്കുന്ന നവലിബറൽ അജൻഡകളെ ചെറുത്തുതോൽപ്പിക്കണമെന്ന് ആഹ്വാനം ചെയ്‌ത് എ കെ ജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാർ. ‘നിയോ ലിബറൽ അജൻഡകളുടെ തിരിച്ചുവരവ്, യുഡിഎഫ് ധവളപത്രവും ബജറ്റും’ എന്നതായിരുന്നു വിഷയം.
10 വർഷംകൊണ്ട് കേരളം ആർജിച്ച നേട്ടങ്ങളെ തകർത്തെറിയുന്ന നയങ്ങൾ അധികാരത്തിലേറി ഒരുമാസംകൊണ്ട് യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചതിന്റെ ആശങ്ക സെമിനാർ പങ്കുവച്ചു. നമ്മുടെ ഭൂമിയും കടലും ധാതുക്കളുമെല്ലാം സ്വകാര്യമേഖലയ്‌ക്ക് നൽകാനുള്ള ധവളപത്രവും അതിന്റെ ചുവടുപിടിച്ച് അവതരിപ്പിച്ച ബജറ്റിന്റെ ദൂഷ്യവശങ്ങളും വിദഗ്‌ധരുൾപ്പെടെ വിലയിരുത്തി. ലോകവും ഇന്ത്യയും നവലിബറിലസത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട കാലത്ത്, കേരളത്തിൽ അധികാരത്തിലേറിയ ഒന്നാംപിണറായി സർക്കാർ നടപ്പാക്കിയ ബദൽനയങ്ങളാണ് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിച്ചതെന്ന് വിലയിരുത്തലുണ്ടായി. മറ്റൊരു സംസ്ഥാനവും ചെയ്യാൻ ധൈര്യംകാട്ടാത്ത സാന്പത്തിക നയസമീപനമാണ് 10 വർഷക്കാലം കേരളം സ്വീകരിച്ചത്. കേന്ദ്രസർക്കാർ സാന്പത്തികമായി വരിഞ്ഞുമുറുക്കിയപ്പോഴും മഹാമാരികളെയും പ്രകൃതിദുരന്തങ്ങളെയും നേരിട്ടപ്പോഴും അവിശ്വസനീയമാംവിധമാണ് കേരളം ബദലൊരുക്കിയതെന്നും ചർച്ച ചെയ്‌തു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. പഠനഗവേഷണകേന്ദ്രം ഡയറക്ടർ സി എൻ മോഹനൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സാന്പത്തിക വിദഗ്‌ധൻ എസ് ആദികേശവൻ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി എം തോമസ് ഐസക്, കെ കെ ശൈലജ, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ എന്നിവർ വിഷയം അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി സ്വാഗതവും ആർ പാർവതിദേവി നന്ദിയും പറഞ്ഞു.










0 comments