കേരള ലോട്ടറിയെ തകർക്കരുത്; രാജ്‌ഭവനിലേക്ക് ഉജ്വല മാർച്ച്

ജിഎസ്‌ടി വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഭാഗ്യക്കുറി സംരക്ഷണസമിതി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ നിന്ന്
തിരുവനന്തപുരം: കേരള ലോട്ടറിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രാജ്‌ഭവനിലേക്ക് ലോട്ടറിത്തൊഴിലാളികളുടെ ഉജ്വല മാർച്ച്. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള ഭാഗ്യക്കുറി സംരക്ഷണസമിതി നേതൃത്വത്തിലായിരുന്നു മാർച്ചും ധർണയും. ചൊവ്വാഴ്‌ചമുതൽ ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. പാർലമെന്റ് മാർച്ച് നടത്താനും സംരക്ഷണസമിതി തീരുമാനിച്ചിട്ടുണ്ട്.
2017ൽ ജിഎസ്ടി ആരംഭിച്ചതുമുതൽ 12 ശതമാനമായിരുന്നു നികുതി. അതാണ് 2020ൽ 28 ശതമാനവും ഇപ്പോൾ 40ഉം ആക്കിയത്. തീരുമാനം തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിക്കും. ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ടുലക്ഷത്തോളംപേരുടെ ഉപജീവനമാർഗമാണിത്.
ക്ഷേ മനിധി ബോർഡ് നടപ്പാക്കുന്ന പെ ൻഷൻ, ബോണസ്, ചികിത്സാ ധനസഹായം, മരണാനന്തര കുടുംബസഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധനസഹായം, ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹനങ്ങൾ എന്നീ ആനുകൂല്യങ്ങളുടെ വിതരണത്തെയും നികുതിവർധന ബാധിക്കും. ലോട്ടറിയിലെ വരുമാനം ഉപയോഗിച്ചുള്ള കാരുണ്യ ചികിത്സാപദ്ധതിയും തകരാറിലാകും. രാജ്ഭവൻ മാർച്ച് മ്യൂസിയം പൊലീസ് സ്‌റ്റേഷനുസമീപത്തുനിന്ന് ആരംഭിച്ചു. രാജ്‌ഭവനുസമീപം പൊലീസ് തടഞ്ഞു.
ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്‌തു. വി ബാലൻ (എഐടിയുസി) അധ്യക്ഷനായി. ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി ടി ബി സുബൈർ, ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എഐടിയുസി) പ്രസിഡന്റ് ഇന്ദുശേഖരൻനായർ, എം മുരളീധരൻ, ജോർജ് കോട്ടൂർ, അൻസറുദീൻ, ശശി പേരൂർക്കട, മുഹമ്മദ് റാഫി, ജെ ജയകുമാർ, പി ആർ ജയപ്രകാശ്, സുരേന്ദ്രൻ അഞ്ചുതെങ്ങ് എന്നിവർ സംസാരിച്ചു.










0 comments