'പെൺകുട്ടിയായി തോന്നുന്നില്ല, സീറോ ടിക്കറ്റ് തരില്ല'; സ്കൂൾ വിദ്യാർഥിനിയെ അപമാനിച്ച് പ്രിയദർശിനി കണ്ടക്ടർ

പറവൂർ: സൗജന്യയാത്രയ്‌ക്കെത്തിയെന്നു പറഞ്ഞ് പ്ലസ്ടു വിദ്യാർഥിനിയെ കെഎസ്ആർടിസി കണ്ടക്ടർ അപമാനിച്ചതായി പരാതി. പറവൂർ കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് ഗുരുവായൂർ എറണാകുളം റൂട്ടിലോടുന്ന KL 15 9635 ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസിലെ കണ്ടക്‌ടർക്കും കണ്ടാലറിയുന്ന യാത്രക്കാർക്കുമെതിരെ പെൺകുട്ടി പറവൂർ പൊലീസിൽ പരാതി നൽകി.
നഗരത്തിലെ സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന അഞ്ച് പെൺകുട്ടികൾ വള്ളുവള്ളിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകാനാണ് ശനി പകൽ 2.30ന് പറവൂർ സ്റ്റാൻഡിൽനിന്ന് ബസിൽ കയറിയത്. മറ്റ് നാല് പേർക്ക് സീറോ ടിക്കറ്റ് നൽകിയെങ്കിലും ഇവരോട് പണം ആവശ്യപ്പെട്ടു. ക്ഷേത്രദർശനം നടത്തി മുടി പറ്റെ വെട്ടിയിരുന്നെങ്കിലും കമ്മലും മാലയും ധരിച്ചിരുന്നു. ‘നിനക്ക് പ്രിയദർശിനി സീറോ ടിക്കറ്റ് തരാൻ കഴിയില്ലെന്നും കണ്ടാൽ പെൺകുട്ടിയായി തോന്നുന്നില്ലെന്നും’ കണ്ടക്ടർ ആക്ഷേപിച്ചു. വീണ്ടും പണം ചോദിക്കുകയും 'നീ പെണ്ണാണോ എന്നറിയാൻ വസ്ത്രങ്ങൾ ഊരി നോക്കേണ്ടിവരുമെന്നും ഇല്ലെങ്കിൽ നെറ്റിയിൽ എഴുതി ഒട്ടിക്കേണ്ടിവരുമെന്നും' പറഞ്ഞു.
യാത്രക്കാരിൽ ചിലരുംതന്നെ അവഹേളിച്ചതായി പെൺകുട്ടി പറയുന്നു. വള്ളുവള്ളി സ്കൂൾപടി സ്റ്റോപ്പിൽ അഞ്ച് പേരും ഇറങ്ങിയശേഷവും കണ്ടക്ടറും യാത്രക്കാരിൽ ചിലരും അവഹേളനം തുടർന്നു. ബസ് അപകടകരമായി പിന്നിൽ നിർത്തി അസഭ്യവർഷം തുടർന്നു. ആക്ഷേപിച്ചവരെ കണ്ടാൽ തിരിച്ചറിയാനാകുമെന്ന് പറവൂർ പൊലീസ് എസ്എച്ച്ഒക്ക് നൽകിയ പരാതിയിൽ പറയുന്നു.









0 comments