ad
Deshabhimani

ധർമേന്ദ്ര പ്രധാനെ നീക്കാൻ നരേന്ദ്രമോദിക്ക് ധൈര്യമുണ്ടോ? അഴിമതിക്കാരെ സംരക്ഷിച്ച് മുന്നോട്ടുപോകാനാകില്ല: എം എ ബേബി

M A Baby Press Meet

എം എ ബേബി

വെബ് ഡെസ്ക്

Published on Jul 23, 2026, 11:52 AM | 1 min read

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അഴിമതിക്കാരെ സംരക്ഷിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നോട്ടുപോകാനാകില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിൽ‌ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രധാനമന്ത്രി ഇന്ന് പ്രതികരിച്ചത്. എന്നാൽ, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് നീക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ധൈര്യമുണ്ടോയെന്ന് എം എ ബേബി ചോദിച്ചു.


അഴിമതിക്കാരെ സംരക്ഷിച്ചാൽ ധർമേന്ദ്ര പ്രധാനെപ്പോലെ ജനങ്ങളുടെ മുന്നിൽ ഒറ്റപ്പെടുന്ന അവസ്ഥ മോദിക്കുമുണ്ടാകും. ജനാധിപത്യ ബോധത്തോടെ വിദ്യാർഥികളുടെയും യുവാക്കളുടെയും ആവശ്യങ്ങൾ പരി​ഗണിക്കണം. ഡൽഹിയിലെ 16 മെട്രോ സ്റ്റേഷനുകൾ അടച്ച് യുദ്ധസമാനമായ അന്തരീക്ഷമാണ് കേന്ദ്രസർക്കാർ സൃഷ്ടിക്കുന്നത്. ജനാധിപത്യപരമായ സമീപനം സ്വീകരിക്കുന്നില്ലെങ്കിൽ മോദിഭരണത്തിന്റെ അവസാനത്തിന്റെ തുടക്കമായി ഈ സമരം മാറുമെന്നും എം എ ബേബി പറഞ്ഞു.


അതേസമയം, ജന്തർ മന്തറിൽ ആളിക്കത്തുന്ന വിദ്യാർഥി– യുവജനപ്രക്ഷോഭത്തിന്റെ മുനയൊടിക്കാൻ തലസ്ഥാന നഗരിയെ നിശ്ചലമാക്കിയും സാധാരണക്കാരുടെ യാത്രാസ്വാതന്ത്ര്യം തടഞ്ഞും പ്രക്ഷോഭത്തെഅടിച്ചമർത്താനാണ് മോദി സർക്കാരിന്റെ നീക്കം. പ്രതിഷേധത്തിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടത്തെ ഭയന്ന്, നിർണായകമായ 16 മെട്രോ സ്റ്റേഷനുകളാണ് ബുധനാഴ്ച കേന്ദ്ര നിർദേശപ്രകാരം ഡൽഹി മെട്രോ കോർപ്പറേഷൻ അടച്ചുപൂട്ടിയത്.


ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, അഭിഭാഷകർ തുടങ്ങി വലിയവിഭാഗം പ്രതിസന്ധിയിലായി. മിക്ക മെട്രോ സ്‌റ്റേഷനുകളിലും യാത്രക്കാർ പ്രതിഷേധിച്ചു. പല പ്രധാനപ്പെട്ട റോഡുകളിലും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ ട്രാഫിക്‌ പൊലീസ്‌ നടപടിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചു. പല മേഖലകളിലും തിങ്കളാഴ്‌ച്ച യുവജനങ്ങളുടെ പാർലമെന്റ്‌ മാർച്ചിന്‌ മുന്നോടിയായി പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുണ്ട്‌.


നിരവധി റോഡുകളിൽ അനാവശ്യമായി ബാരിക്കേഡുകൾ നിരത്തി തടസ്സങ്ങൾ സൃഷ്ടിച്ചതും വലിയ ഗതാഗതകുരുക്കുകൾക്ക്‌ കാരണമായി. സെൻട്രൽ ഡൽഹിയിൽ അപ്രഖ്യാപിത ഇന്റർനെറ്റ്‌ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ജന്തർമന്തറിലും പരിസരങ്ങളിലും ഇന്റർനെറ്റ്‌ കണക്ഷൻ പ‍‍ൂർണമായും വിച്ഛേദിക്കപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home