"ആയുധവുമായി എത്തിയത് സൂപ്രണ്ടിനെ ആക്രമിക്കാൻ; മുന്നില്‍ കണ്ട ഡോക്ടറെ വെട്ടി"

പരിക്കേറ്റ ഡോ.വിപിനെ ആശുപത്രിയിലേക്ക് മാറ്റുന്നു
താമരശേരി: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ തലയ്ക്ക് വെട്ടിയ പ്രതി എത്തിയത് സൂപ്രണ്ടിനെ അന്വേഷിച്ചെന്ന് ദൃക്സാക്ഷികൾ. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ഡോ വിപിനെ പ്രതി സനൂപ് ആക്രമിച്ചത്. സൂപ്രണ്ടിനെ അന്വേഷിച്ച് ആശുപത്രിക്കുള്ളിലേക്ക് കടന്ന സനൂപ് മുന്നിൽ കണ്ട ഡോ.വിപിനെ ബാഗിൽ കരുതിയ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഡോക്ടർ രോഗിയെ പരിശോധിക്കുന്ന സമയം പുറകിലൂടെ വന്നാണ് വെട്ടിയത്. ജീവനക്കാർ ഉടൻതന്നെ പിടിച്ചുമാറ്റിയതുകൊണ്ടാണ് കൂടുതൽ പരിക്കേൽക്കാതിരുന്നതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയെന്ന് ഡിഎംഒ അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്കാണ് മെഡിക്കൽ ഓഫീസർ അസിസ്റ്റൻ്റ് സർജൻ ഡോ.വിപിന് തലയ്ക്ക് വെട്ടേറ്റത്. മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരി അനയയുടെ പിതാവ് സനൂപ് എന്നയാളാണ് ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറുടെ തലയിൽ ആഴത്തിലുള്ള മുറിവേൽക്കുകയും തലയോട്ടിയിലെ അസ്ഥിക്ക് പൊട്ടൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
സനൂപിനെ താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടാനുപയോഗിച്ച കത്തിയും കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഡോ.വിപിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ആശുപത്രി ജീവനക്കാർ നാളെ ഒപി ബഹിഷ്കരിക്കും.










0 comments