വനിതാ ഡോക്ടർക്കു നേരെ ലൈംഗികാതിക്രമം: ഡോക്ടർ അറസ്റ്റിൽ

നെടുമങ്ങാട്: വനിതാ ഡോക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ജനറൽ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. എൻ കെ ബിനു (51)വാണ് അറസ്റ്റിലായത്. ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന രണ്ടാംവർഷ പിജി വിദ്യാർഥിനിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. എന്നാൽ ഈ പരാതിയിൽ പൊലീസ് ആദ്യം കേസെടുക്കാൻ പോലും മടിച്ചു. തുടർന്ന് പ്രദേശവാസികളും സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി എത്തിയതോടെയാണ് ഡോക്ടർക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തത്.
വെള്ളി ഉച്ചയോടെയാണ് യുവ ഡോക്ടർക്കുനേരെ പ്രതി അതിക്രമം നടത്തിയത്. നെഞ്ചിന്റെ ഭാഗത്ത് തടിപ്പും മുഴയും ശ്രദ്ധയിൽപ്പെട്ട യുവതി ബിനുവിനെ സമീപിച്ച് ചികിത്സതേടിയിരുന്നു. വിശദപരിശോധനയ്ക്ക് സ്വകാര്യ പ്രാക്ടീസ് മുറിയിലെത്താൻ ആവശ്യപ്പെട്ടു. പരിശോധനയ്ക്കിടയിലാണ് ഡോക്ടർ ലൈംഗികാതിക്രമം നടത്തിയത്. പ്രതിരോധിച്ച യുവതി പുറത്തേക്കോടുകയായിരുന്നു. പിന്നാലെ നെടുമങ്ങാട് പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ ഇയാളെ സസ്പെൻഡ് ചെയ്തു. പ്രതിയെ സംഭവം നടന്ന കുറക്കോട്ടെ സ്വകാര്യ പ്രാക്ടീസ് മുറിയിലെത്തിച്ച് തെളിവെടുത്തു. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. പ്രതിയെ റിമാൻഡ് ചെയ്തു.
സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായതായി മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പരാതി നൽകിയയുടൻ നടപടിയെടുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. വീഴ്‌ചയെപ്പറ്റി ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കും. ഇത്തരം നടപടികൾ ആവർത്തിക്കാൻ പാടില്ലെന്നും മന്ത്രി പ്രതികരിച്ചു.








0 comments