ad
Deshabhimani

print edition കോടതി ഉത്തരവില്ലാതെ ആർക്കും കൈമാറരുത്‌; കുംഭമേള വൈറൽതാരത്തിന്‌ കൊച്ചിയിൽ 
താമസിക്കാൻ സുരക്ഷ നൽകണം

kerala high court monalisa bhosle kumbh mela viral girl
വെബ് ഡെസ്ക്

Published on Jul 29, 2026, 12:26 AM | 1 min read

കൊച്ചി: കുംഭമേള വൈറൽതാരമായ പെൺകുട്ടിയെ കോടതി ഉത്തരവില്ലാതെ ആർക്കും കൈമാറരുതെന്ന് ഹൈക്കോടതി. പെൺകുട്ടി താമസിക്കുന്ന കൊച്ചി നഗരപരിധിയിൽ പ്രത്യേക സുരക്ഷ ഉറപ്പാക്കാനും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി നൽകിയ ഹർജിയിൽ കൊച്ചി സിറ്റി പൊലീസ് കമീഷണറെ കക്ഷിചേർത്താണ് ഉത്തരവ്.


നേരത്തേ നൽകിയ പൊലീസ് സംരക്ഷണ ഉത്തരവ് നീട്ടി. പെൺകുട്ടിക്ക് ആവശ്യംവന്നാൽ, ചുമതല ഏൽപ്പിച്ചിരിക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കാര്യങ്ങൾ ധരിപ്പിക്കാമെന്നും കോടതി ഉത്തരവിട്ടു. ഹർജി ആഗസ്‌ത്‌ നാലിലേക്ക്‌ മാറ്റി.


ചൊവ്വാഴ്ച ഹർജി പരിഗണിക്കവേ, എറണാകുളം സെൻട്രൽ പൊലീസ് എസ്എച്ച്ഒ ഹൈക്കോടതി രജിസ്ട്രാർക്ക് കത്തെഴുതിയതിനെ രൂക്ഷമായി വിമർശിച്ചു. കോടതി പരിഗണനയിലുള്ള കേസിൽ, സർക്കാരിനെയും പൊലീസിനെയും പ്രതിനിധീകരിക്കുന്ന അഡ്വക്കറ്റ്‌ ജനറലിനെയും ഗവ. പ്ലീഡറെയും മറികടന്നാണ് എസ്‌എച്ച്‌ഒ കത്തെഴുതിയത്‌.


പെൺകുട്ടിയെ മധ്യപ്രദേശിലുള്ള മാതാപിതാക്കൾക്ക് കൈമാറാൻ ദേശീയ പട്ടികജാതി വർഗ കമീഷന്റെ ഉത്തരവുണ്ടെന്നാണ്‌ കത്തിലെ പരാമർശം. പെൺകുട്ടിയ്ക്ക്‌ പ്രായപൂർത്തിയായിട്ടില്ല, കമീഷൻ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്‌ അടക്കമുള്ളവയുടെ പകർപ്പ്‌ ലഭ്യമാക്കണമെന്ന ആവശ്യവും കത്തിലുണ്ട്.


കോടതിയുടെ പരിഗണനയിലുള്ള കേസിൽ എങ്ങനെയാണ് ദേശീയ കമ്മീഷന് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനാവുകയെന്ന് ഹൈക്കോടതി ചോദിച്ചു. ഇത്തരം രീതി ഉദ്യോഗസ്ഥരിൽനിന്ന് പതിവാകുന്നതായും കോടതി ചൂണ്ടിക്കാട്ടി.


മുസ്ലിം സമുദായക്കാരനെ വിവാഹം കഴിച്ചതിനാൽ പെൺകുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും നാട്ടിലെത്തിയാൽ മധ്യപ്രദേശ് സർക്കാരിന്റെ പിന്തുണയോടുകൂടി ദുരഭിമാനകൊലയ്‌ക്ക്‌ ഇരയാകാൻ സാധ്യതയുണ്ടെന്നും ഹർജിക്കാരിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ നാട്ടിലേക്കയക്കാൻ ഉത്തരവിടരുതെന്നും അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home