print edition തേനിയിലെ ആദിവാസികളെ കുടിയൊഴിപ്പിക്കരുത്: കിസാൻ സഭ

ന്യൂഡൽഹി : തേനിയിൽ കാൽലക്ഷത്തോളം ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് തമിഴ്‌നാട് സർക്കാരും വനംവകുപ്പും പിന്തിരിയണമെന്ന് അഖിലേന്ത്യ കിസാൻസഭ ആവശ്യപ്പെട്ടു. അഗസ്‌ത്യമല സംരക്ഷിതവനത്തിന്റെ ഭാഗമായ മേഘമല–വരുസനാട് മേഖലയിലെ 5073 ഹെക്ടറിൽനിന്നാണ് ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം.
കാലങ്ങളായി വനമേഖലയിൽ കൃഷി ചെയ്‌തും മറ്റും ഉപജീവനം നടത്തുന്നവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നത്. റവന്യൂ രേഖകളും ഭൂരേഖകളും പഴയകാല ഭൂപടങ്ങളും സെൻസസ് വിവരങ്ങളുമൊക്കെ കാലങ്ങളായി ഇവർ വനഭൂമിയിൽ കഴിയുന്നവരാണെന്ന് തെളിയിക്കുന്നതാണ്.
കുടിയൊഴിപ്പിക്കാനുള്ള നീക്കം വനാവകാശ നിയമത്തിന് വിരുദ്ധമാണ്. വനാവകാശ നിയമപ്രകാരം ഗ്രാമസഭകളുടെ അംഗീകാരം ഏതൊരു നടപടിക്കും ആവശ്യമാണ്. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമസഭകൾക്കും വില കൽപ്പിക്കുന്നില്ല. വനസംരക്ഷണത്തിന്റെ മറവിലാണ് കുടിയൊഴിപ്പിക്കൽ നീക്കമെങ്കിലും കോർപ്പറേറ്റ് താൽപ്പര്യങ്ങളും പിന്നിലുണ്ട്. മേഖലയിൽ വനാവകാശ നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ തമിഴ്‌നാട് സർക്കാരും സുപ്രീംകോടതിയും തയ്യാറാകണമെന്നും കിസാൻസഭാ പ്രസിഡന്റ് അശോക് ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണനും പ്രസ്‌താവനയിൽ പറഞ്ഞു.






0 comments