print edition കൊലപാതകം നടന്നത് 40വർഷം മുൻപ്; പ്രതിയുടെ ഡിഎൻഎ പരിശോധനയ്‌ക്ക് പൊലീസ്

മോഹനന്‍പിള്ള പഴയ രൂപവും നിലവിലേതും
സ്വന്തം ലേഖിക
Published on Jul 08, 2026, 03:26 AM | 1 min read
കൊല്ലം: സഹോദരീഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 40വർഷത്തിനുശേഷം അറസ്റ്റിലായ പ്രതിയുടെ ഡിഎൻഎ പരിശോധനയ്‌ക്ക് പൂയപ്പള്ളി പൊലീസ് ബുധനാഴ്‌ച കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകും. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻപിള്ള (65)യുടെ ഡിഎൻഎ പരിശോധനയാണ് നടത്തുക.
കൊല്ലപ്പെട്ട ചന്ദ്രശേഖരപിള്ളയുടെ ഭാര്യയും പ്രതിയുടെ സഹോദരിയുമായ സരസ്വതിയമ്മ ഇയാളെ തിരിച്ചറിഞ്ഞെങ്കിലും കൊലപാതകം കഴിഞ്ഞ് വർഷങ്ങളാകുകയും പ്രതിക്ക് രൂപമാറ്റം വരികയുംചെയ്‌തതിനാൽ ഡിഎൻഎ പരിശോധന അനിവാര്യമാണെന്ന നിയമോപദേശത്തെ തുടർന്നാണ് നടപടി. കൊട്ടാരക്കര സബ്ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്ന മോഹനൻപിള്ളയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ഉടൻ പരിശോധന നടത്താനാണ് നീക്കം.
1987 ജനുവരി 11നാണ് ചന്ദ്രശേഖരൻപിള്ള വെട്ടേറ്റു മരിച്ചത്. അന്ന് മോഹനൻപിള്ളയ്‌ക്ക് 25വയസ്സായിരുന്നു. തുടർന്ന് ഒളിവിൽപോയ ഇയാൾ കഴിഞ്ഞ ദിവസം കോട്ടയം കല്ലറയിൽനിന്നാണ് പിടിയിലായത്. പ്രതി ഒളിവിലാണെന്നുകാട്ടി കോടതിയിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് കേസ് ഫയൽ ലോങ് പെൻഡിങ് പട്ടികയിൽ (എൽപി) തുടരുകയായിരുന്നു.
കൊലപാതകത്തിനുശേഷം കോട്ടയം കല്ലറ സ്വദേശി കേശവന്റെ മകൻ രാജൻ എന്ന വ്യാജപ്പേരിലാണ് മോഹനൻപിള്ള ജീവിച്ചത്. തോട്ടം തൊഴിലാളിയായി കഴിഞ്ഞിരുന്ന ഇയാൾ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴും രാജൻ എന്ന പേരിൽ ഉറച്ചുനിന്നു. കല്ലറ പൊലീസിന്റെ സാന്നിധ്യത്തിൽ പൂയപ്പള്ളി പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.










0 comments