print edition വാനിൽ വിടരും വർണത്തിരികൾ; ഇന്ന് ദീപാവലി

ദീപാവലി ആഘോഷം
തിരുവനന്തപുരം : വാനിൽ വർണപൊലിമ തീർത്ത് നാടൊന്നാകെ ഞായറാഴ്‌ച ദീപാവലി ആഘോഷിക്കും. ഉത്സവങ്ങളുടെ തലസ്ഥാനമായ തിരുവനന്തപുരത്ത് തമിഴ് പാരമ്പര്യംകൂടി ഇഴ ചേരുന്നയിടങ്ങളിലാണ് ദീപാവലി ആഘോഷത്തിന് മാറ്റ് കൂടുതൽ.
ശനിയാഴ്‌ചമുതൽതന്നെ ജില്ലയിൽ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷം തുടങ്ങിയിരുന്നു. കോട്ടയ്കത്തെയും കരമനയിലെയും അഗ്രഹാര തെരുവുകളിൽ നിറയുന്ന ചിരാതുകളിൽനിന്നാണ് നഗരത്തിലെ ദീപാവലിയുടെ ആഘോഷശോഭ തുടങ്ങുന്നത്. കാജു കത്‌ലി, ജിലേബി, ബർഫി, ലഡു, മൈസൂർ പാക്ക്, പേഡ, ഹൽവ, ഗുലാബ് ജാമുൻ എന്നിങ്ങനെ രുചിയൂറുന്ന മധുര പലഹാരങ്ങളുടെകൂടി ആഘോഷമാണ് ദീപാവലി. പരമ്പരാഗത രീതിയിലുള്ള തനത് പനയോല പടക്കങ്ങളുടെ പെരുമ നിലനിർത്തുന്ന നന്ദിയോട്ടേക്കും പൂഴിക്കുന്നിലേക്കും പടക്കങ്ങൾ വാങ്ങാൻ നൂറുകണക്കിനുപേരാണ് ദിവസവും ഒഴുകിയെത്തിയത്.
അന്യസംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്‌ത പടക്കങ്ങൾ ചെറിയ സ്റ്റാളുകൾ കേന്ദ്രീകരിച്ച് ആഴ്‌ചകൾക്കുമുന്പേ നഗര–ഗ്രാമ വ്യത്യാസമില്ലാതെ വിൽപ്പനയ്ക്കെത്തിയിരുന്നു. പ്രധാന വാണിജ്യകേന്ദ്രമായ ചാലയിലും പുതിയ ഇനം പടക്കങ്ങളും ദീപാവലി മധുരപലഹാരങ്ങളുമായി വിപണി കീഴടക്കി.









0 comments