ad
Deshabhimani

print edition മഹറിനെപ്പറ്റി പറഞ്ഞില്ലെങ്കിലും ‘ഖുല’ നിലനിൽക്കും ; മുസ്ലീംസ്ത്രീയുടെ വിവാഹമോചനത്തിൽ ഹെെക്കോടതി

Haal Movie
വെബ് ഡെസ്ക്

Published on Oct 26, 2025, 12:30 AM | 1 min read


കൊച്ചി

മുസ്ലീംസ്ത്രീയുടെ വിവാഹമോചന പ്രഖ്യാപന രേഖയായ ‘ഖുല നാമ'യിൽ ‘മഹർ' തിരികെ നൽകിയതിനെപ്പറ്റി പരാമർശിച്ചിട്ടില്ലെങ്കിലും വിവാഹമോചനം നിലനിൽക്കുമെന്ന് ഹൈക്കോടതി. പുരുഷന്മാർക്ക് തലാഖുപോലെ സ്ത്രീക്ക്‌ ലഭിക്കുന്ന മതപരമായ അവകാശമാണ്‌ ഖുല എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. മഹറായി നൽകിയ 10 പവൻ ഭാര്യ തിരികെ നൽകാത്തതിനാൽ ഖുല പ്രകാരമുള്ള വിവാഹമോചനം നിലനിൽക്കില്ലെന്ന തലശേരി പാനൂർ സ്വദേശിയുടെ വാദം തള്ളിയാണ് ഉത്തരവ്‌. വിവാഹമോചനം കുടുംബക്കോടതി അംഗീകരിച്ചത് ചോദ്യംചെയ്താണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.


‘ഖുല നാമ’ പുറപ്പെടുവിക്കുംമുമ്പ് മാധ്യസ്ഥ്യം ഉണ്ടായിട്ടില്ലെന്നും ഭാര്യ മഹർ തിരികെ നൽകിയിട്ടില്ലെന്നുമായിരുന്നു വാദം. എന്നാൽ, മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും ഭർത്താവ് സഹകരിച്ചില്ലെന്നും ഖുല പുറപ്പെടുവിക്കുംമുമ്പേ മഹർ തിരികെവാങ്ങിയെന്നും യുവതിയുടെ അഭിഭാഷകൻ അറിയിച്ചു. കുടുംബക്കോടതിയിൽ സമർപ്പിച്ച അപേക്ഷയിലും ഭാര്യയുടെ സത്യവാങ്മൂലത്തിലും മഹർ തിരികെവാങ്ങിയത് വ്യക്തമാണ്.


ഹർജിക്കാരൻ അന്ന് ഇത് എതിർത്തിട്ടുമില്ല. മധ്യസ്ഥതയ്ക്ക് തയ്യാറായിരുന്നവരുടെ പേരുവിവരങ്ങളും ഇതിനൊപ്പം ഹാജരാക്കി. ഇത് അംഗീകരിച്ച ഹൈക്കോടതി, കുടുംബക്കോടതിയുടെ തീരുമാനത്തിൽ അപാകമില്ലെന്ന്‌ വിലയിരുത്തിയാണ് അപ്പീൽ തള്ളിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home