print edition വെള്ളാപ്പള്ളിയുടെ അയോഗ്യത തുടരും: ഹെെക്കോടതി

കൊച്ചി: എസ്എന്‍ഡിപി യോഗം ഡയറക്ടർ ബോർഡിൽനിന്നും ജനറല്‍ സെക്രട്ടറിസ്ഥാനത്തുനിന്നും അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ സമർപ്പിച്ച ഹർജി ഹെെക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. അതുവരെ തൽസ്ഥിതി തുടരാൻ ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം ഈ ഘട്ടത്തിൽ അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർ നൽകിയ അപ്പീലാണ് പരിഗണനയിലുള്ളത്.
താൽക്കാലിക ഡയറക്ടർമാരെ സർക്കാർ നാമനിർദേശം ചെയ്യണമെന്ന സിംഗിൾ ബെഞ്ചിന്റെ നിർദേശവും അതുവരെ നടപ്പാക്കാനാകില്ല. അപ്പീലുകളും അനുബന്ധ ഹർജികളും ഒരുമിച്ച് പരിഗണിക്കും. അപ്പീൽ പരിഗണനയിലിരിക്കേ, പുതിയ ഡയറക്ടർമാരെ നാമനിർദേശം ചെയ്യുന്നതിൽനിന്ന് സർക്കാരിനെ വിലക്കണമെന്ന് വെള്ളാപ്പള്ളിയടക്കം വാദിച്ചു. പുതിയ ഡയറക്ടർമാരെ വയ്ക്കുന്നതിന് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് സർക്കാർ മറുപടിനൽകി. തുടർന്നാണ് തൽസ്ഥിതി തുടരാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.
യോഗം ഭരണസമിതി തുടർച്ചയായ വർഷങ്ങളിൽ വരവുചെലവ് കണക്ക് സമർപ്പിച്ചിട്ടില്ലെന്നും ഡയറക്ടർമാർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഡിഐഎൻ നമ്പറില്ലെന്നുമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് അയോഗ്യത കൽപ്പിച്ചത്. പ്രൊഫ. എം കെ സാനു ഉൾപ്പെടെ നൽകിയ ഹർജികളിലാണ് മാർച്ച് 12ന് ഉത്തരവുണ്ടായത്.










0 comments