print edition വാഴയ്‌ക്കനും പ്രസിഡന്റാകണം ; കെപിസിസി പ്രസിഡന്റ് സ്ഥാനം തർക്കത്തിൽ


സ്വന്തം ലേഖകൻ
Published on Nov 18, 2026, 12:45 AM | 1 min read
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് ചർച്ച തുടങ്ങിയിട്ട് ആറുമാസം കഴിയുന്പോഴും അവകാശവാദവുമായി കൂടുതൽപേർ രംഗത്ത്. കൊടിക്കുന്നിൽ സുരേഷിനും രാജ്‌മോഹൻ ഉണ്ണിത്താനും പിന്നാലെ ജോസഫ് വാഴയ്‌ക്കനാണ് ഒടുവിൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. മന്ത്രിയായ സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാൻ സന്നദ്ധത അറിയിച്ചിട്ടും പകരം ആളെ കണ്ടെത്താനാകാതെ ഗ്രൂപ്പുപോരും തർക്കവും രൂക്ഷമാണ്.
കെപിസിസി പ്രസിഡന്റാകാൻ മുൻപന്തിയിൽ ബെന്നി ബഹനാൻ ആയിരുന്നു. എന്നാൽ പിന്നാക്ക സമുദായ കാർഡിറക്കി കൊടിക്കുന്നിൽ സുരേഷ് എഐസിസിയെ സമീപിച്ചതോടെ ചിത്രം അവ്യക്തമായി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി എഐസിസി നേതൃത്വത്തിന് കത്തുനൽകി. അപ്പോഴാണ് ജോസഫ് വാഴയ്‌ക്കൻ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ ആവശ്യം പരസ്യമായി ഉന്നയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ സ്ഥാനാർഥിയാക്കാമെന്ന വാഗ്‌ദാനത്തിൽ പോസ്‌റ്ററുകളും ബോർഡുകളും തയ്യാറാക്കിയിരുന്നു. സ്ഥാനാർഥി പട്ടിക വന്നപ്പോൾ തഴഞ്ഞു. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ഉചിതമായ സ്ഥാനം ലഭിക്കുമെന്ന ഉറപ്പിലായിരുന്നു വാഴയ്‌ക്കന്റെ പിന്മാറ്റം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം വന്നപ്പോൾ ബെന്നി ബഹ്‌നാൻ, അടൂർ പ്രകാശ്, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ എന്നിവർക്കൊപ്പം വാഴയ്‌ക്കനും കളത്തിലിറങ്ങി. ഡൽഹിയിലെത്തി ആവശ്യമുന്നയിച്ചു. ഇപ്പോർ ചർച്ചയിൽ മന്ത്രി എ പി അനിൽകുമാറും കൊടിക്കുന്നിലുമാണ് മുന്നിൽ. ചിത്രത്തിൽനിന്ന് ഒൗട്ടാകുമെന്നു കണ്ടതോടെയാണ് വാഴയ്‌ക്കൻ പരസ്യമായി രംഗത്തുവന്നത്.









0 comments