മറ്റുള്ളവരെ കൂടെക്കൂട്ടി മരിക്കാൻ തോന്നിയെന്ന് ജംഷീർ; വാതിൽ തുറന്നാൽ സംഭവിക്കുമായിരുന്നത് വൻ ദുരന്തം

പിടിയിലായ ജംഷീർ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങുന്നതിനിടെ ബാത്തിക് എയർ വിമാനത്തിന്റെ എമർജൻസി വാതിൽ തല്ലിത്തുറക്കാൻ ശ്രമിച്ച സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. വാതിൽ തല്ലിത്തുറക്കാൻ ശ്രമിച്ച യാത്രികനായ പാലക്കാട് കൂറ്റനാട് അത്താണിക്കൽ ജംഷീറിനെ (34) അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴം പുലർച്ചെ 2.40ന് വിമാനം ലാൻഡ് ചെയ്യാൻ അരമണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് ഇയാൾ വിമാനത്തിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്.
കോലാലംപൂരിൽനിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ബാത്തിക് എയർ ഫ്ലൈറ്റ് ഒ ഡി 231 ലാണ് വൻ സുരക്ഷാവീഴ്ചയ്ക്ക് കാരണമാകുന്ന സംഭവമുണ്ടായത്. എമർജൻസി വിൻഡോ സീറ്റിലിരുന്ന ജംഷീർ വിൻഡോ പാനലിന്റെ ഒരു പാളി അടിച്ചുപൊട്ടിക്കുകയും തുടർന്ന് വാതിൽ തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. ഭയന്ന സഹയാത്രികരും വിമാന ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി. വിമാനം ലാൻഡ് ചെയ്ത ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് കൂടുതൽ നിയമനടപടികൾക്കായി നെടുമ്പാശേരി പൊലീസിന് കൈമാറി. പ്രതിയെ റിമാൻഡ് ചെയ്തു.
ഒഴിവായത് വൻ ദുരന്തം
അതിസുരക്ഷവേണ്ട വിമാനയാത്രയ്ക്കിടെയുണ്ടായ ഇത്തരം പ്രവൃത്തികൾ വലിയ അപകടത്തിനാണ് വഴിവെക്കുക. വിമാനം തറയിൽ നിൽക്കുമ്പോഴോ ലാൻഡ് ചെയ്യുന്ന സമയത്തോ അടിയന്തര രക്ഷാപ്രവർത്തനം ആവശ്യമായ ഘട്ടങ്ങളിലോ മാത്രമേ എമർജൻസി വാതിൽ തുറക്കാനാകൂ.
പറക്കുമ്പോൾ ഉയർന്ന കാബിൻ മർദം കാരണം എമർജൻസി എക്സിറ്റ് വാതിലുകൾ തുറക്കുക അസാധ്യമാണ്. ഉയരത്തിൽ പറക്കുമ്പോൾ ഉള്ളിലെ മർദം പുറത്തുള്ളതിനെക്കാൾ വളരെ കൂടുതലായിരിക്കും. ഇത് വാതിലുകളെ ശക്തമായി അടച്ചുനിർത്തും. അതിനാൽ ആകാശത്തുവെച്ച് എത്ര ശ്രമിച്ചാലും ഈ വാതിൽ തുറക്കാനാകില്ല. വലിയ ഉയരത്തിൽ പറക്കുമ്പോൾ വാതിൽ തുറന്നാൽ മർദവ്യത്യാസവും ഓക്സിജൻ ഇല്ലായ്മയും കാരണം യാത്രക്കാർ ശ്വസിക്കാനാകാതെ മരണത്തിലേക്ക് പോകും
വിമാനം റൺവേയിലൂടെ ടേക്ക് ഓഫിനായി നീങ്ങി നിശ്ചിത വേഗമെത്തുമ്പോഴേക്കും എമർജൻസി വാതിൽ അടയും. പിന്നെ ആർക്കും തുറക്കാനാകാത്തവിധം എമർജൻസി എക്സിറ്റ് ലോക്കാകും. ടേക്ക് ഓഫിന് മുൻപ് വാതിൽ തുറക്കേണ്ട സാഹചര്യമുണ്ടായാൽ എന്ത് ചെയ്യണമെന്ന് കാബിൻ ക്രൂ യാത്രക്കാർക്ക് നിർദേശം നൽകും. ആവശ്യംവന്നാൽ കാബിൻ ക്രൂ തന്നെയാണ് എമർജൻസി വാതിൽ തുറക്കുക.
"മരിക്കാൻ തോന്നി, മറ്റുള്ളവരെ കൂടെക്കൂട്ടാനും"
വിമാനത്തിൽ അതിക്രമം കാട്ടി ജംഷീറിന് മാനസികപ്രശ്നങ്ങളില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. തനിക്ക് മരിക്കാൻ തോന്നിയെന്നും മറ്റുള്ളവരെയും കൂടെക്കൂട്ടാൻ തോന്നിയെന്നും ചോദ്യംചെയ്യലിൽ ജംഷീർ പൊലീസിന് മൊഴിനൽകി. യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ജംഷീറിന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ വിവിധ സുരക്ഷാ ഏജൻസികൾ ഇയാളെ ചോദ്യംചെയ്തു. അങ്ക മാലി കോടതിയിൽ ഹാജരാക്കിയ ജംഷീറിനെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
ജംഷീർ 10 വർഷത്തിലധികമായി മലേഷ്യയിൽ ജോലിചെയ്തുവരികയാണ്. ബന്ധുവിന്റെ സൂപ്പർമാർക്കറ്റിലാണ് ജോലി.
സംഭവത്തിൽ ബാത്തിക് എയർ കമ്പനിയും നടപടി ആരംഭിച്ചിട്ടുണ്ട്. ജനൽ പാനലിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് സാങ്കേതിക പരിശോധനയും അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയശേഷമാണ് വിമാനത്തിന് സർവീസ് തുടരാൻ അനുമതി നൽകിയത്. തുടർന്ന് വിമാനം മടക്ക സർവീസിനായി പുറപ്പെട്ടു.










0 comments