ad
Deshabhimani

print edition കോടമ്പാക്കത്ത്‌ തുടങ്ങിയ സ‍ൗഹൃദം

kamal.
avatar
കമൽ

Published on Dec 21, 2025, 12:16 AM | 1 min read

ശ്രീനിവാസനുമായി ബന്ധപ്പെട്ട്‌ ഒരുപാട്‌ ഓർമകളുണ്ട്‌. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമാജീവിതം ഒരേകാലത്ത്‌ മദ്രാസിൽ(ചെന്നൈ)നിന്ന്‌ തുടങ്ങിയതാണ്‌. 1979 ലാണ്‌ പരിചയപ്പെടുന്നത്. മലയാള പത്രങ്ങൾ വൈകുന്നേരമാണ് ചെന്നെയിൽ എത്തിയിരുന്നത്.


ഒരു മുറുക്കാൻകടയിൽ പത്രം വാങ്ങാനെത്തിയപ്പോഴാണ് ശ്രീനിവാസനെ കാണുന്നത്. അദ്ദേഹമന്ന്‌ ചെറിയവേഷങ്ങളിൽ അഭിനയിക്കുന്നു. ഞാൻ അസി. ഡയറക്ടറായി പ്രവർത്തിക്കുന്നു. ആ കോടമ്പാക്കം ബന്ധത്തിൽനിന്ന്‌ തുടങ്ങിയ സ‍ൗഹൃദം ആത്മബന്ധമായി വളർന്നു. 46 വർഷത്തെ ബന്ധത്തിനിടയിൽ എത്ര സിനിമകൾ ഞങ്ങൾ ചെയ്തു. പ്രിയദർശൻ, സത്യൻ അന്തിക്കാട്‌ എന്നിവരുടെ ഒരുപാട്‌ സിനിമകളിൽ പ്രവർത്തിച്ചശേഷമാണ്‌ അദ്ദേഹം എന്റെ സിനിമകളിൽ വരുന്നത്‌. ചിലപ്പോൾ തമാശകൾ പറഞ്ഞ്‌ കഥ വരാതെ മാസങ്ങൾ കടന്നുപോകും. ചർച്ചകളിൽ ഒരുപാട്‌ കാര്യങ്ങൾ കടന്നുവരും. അതിൽ ചിലപ്പോൾ ഇണക്കമുണ്ടാകും. പിണക്കമുണ്ടാകും. പരിഹാസങ്ങളുണ്ടാകും. അതിലൂടെ കടന്നുപോകുന്ന സ‍ൗഹൃദം പറഞ്ഞറിയിക്കാനാവില്ല. ശ്രീനിവാസന്റെ ചില അഭിപ്രായങ്ങളോട് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. അത് അദ്ദേഹത്തോട് തുറന്നു പറഞ്ഞിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ തിരക്കഥയുടെ അഴകും, അഭിനയമികവും അപാരമായിരുന്നു.


എന്റെ കരിയറിലെ മികച്ച സിനിമകൾ ശ്രീനിവാസന്റെ തിരക്കഥകളിലൂടെ വന്നതാണ്‌. മഴയെത്തുംമുമ്പേ, പാവം പാവം രാജകുമാരൻ തുടങ്ങിയവ. മലയാളസിനിമയിൽ പകരംവയ്‌ക്കാനില്ലാത്ത നടനും തിരക്കഥാകൃത്തുമൊക്കെയാണ്‌ അദ്ദേഹം. ശ്രീനിവാസന്റെ കാഴ്‌ചപ്പാടുകൾ നമുക്കൊക്കെ അറിയാം. അദ്ദേഹത്തിന്റെ ചില സിനിമകളിൽ സ്വയം പരിഹസിക്കുന്നതിലൂടെ അദ്ദേഹം സമൂഹത്തെ പരിഹസിക്കുകയായിരുന്നു. സമൂഹത്തിലെ ചില ദുഷിച്ച പ്രവണതകളെ എത്രയോമുമ്പ്‌ അദ്ദേഹം പരിഹസിച്ചിട്ടുണ്ടെന്നത്‌ ഇന്ന്‌ നമ്മൾ തിരിച്ചറിയുന്നു. ശ്രീനിവാസന്റെ സിനിമാസങ്കൽപ്പംതന്നെ സാമൂഹ്യ വിമർശത്തിൽ ഉ‍ൗന്നിയിട്ടുള്ള പരിഹാസമായിരുന്നു. മലയാളസിനിമയിൽ ഇതുപോലെ പ്രതിഭാധനനായ ഒരു കലാകാരൻ ഉണ്ടായിട്ടുണ്ടോയെന്ന്‌ ചോദിച്ചാൽ ഇല്ല എന്നാണ്‌ എന്റെ ഉത്തരം. പലരീതിയിൽ അത്‌ അടയാളപ്പെടുത്തിയിട്ടാണ്‌ അദ്ദേഹം കടന്നുപോകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home