കോൺഗ്രസ് ബോംബാക്രമണത്തിന്റെ നടുക്കുന്ന ഓർമ; കൊളങ്ങരേത്ത് രാഘവന്റെ രക്തസാക്ഷിത്വത്തിന് അമ്പതാണ്ട്

പി ദിനേശൻ
Published on Jun 04, 2026, 01:00 PM | 3 min read
പിണറായി : അടിയന്തരാവസ്ഥയിൽ ബോംബ് രാഷ്‌ട്രീയത്തിന് കോൺഗ്രസ് തുടക്കംകുറിച്ച എരുവട്ടി പന്തക്കപ്പാറ ദിനേശ്‌ബീഡി കമ്പനി ആക്രമണത്തിനും കൊളങ്ങരേത്ത് രാഘവന്റെ രക്തസാക്ഷിത്വത്തിനും വെള്ളിയാഴ്‌ച അമ്പത് വർഷം. പൊലീസും കോൺഗ്രസ് ഗുണ്ടാസംഘവും തേർവാഴ്‌ച നടത്തിയ അടിയന്തരാവസ്ഥകാലത്തെ കണ്ണൂരിലെ ആദ്യ രക്തസാക്ഷിയാണ് കൊളങ്ങരേത്ത് രാഘവൻ. നിരോധനാജ്ഞ നിലനിൽകുമ്പോഴാണ് മമ്പറത്ത് നിന്ന് കൊടുവാളും ബോംബും കമ്പിപ്പാരയുമായി നാൽപതോളം വരുന്ന അക്രമി സംഘം പന്തക്കപ്പാറയിലെത്തി ആക്രമണം നടത്തിയത്. 1976 ജൂൺ 5ന് വൈകിട്ട് നാലേകാലിന് ദിനേശ്‌ബീഡി കമ്പനിക്ക് മുന്നിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരത സൃഷ്‌ടിച്ചാണ് കമ്പനിയിലേക്ക് ഇരച്ചുകയറിയത്.
തൊഴിലാളികൾ ജോലിചെയ്യുന്ന മാടത്തിന് മുകളിലെ മുറിയിലേക്ക് അക്രമികൾ കയറുന്നത് കൊളങ്ങരേത്ത് രാഘവൻ അടക്കമുള്ളവർ വാതിൽ അടച്ച് പ്രതിരോധിച്ചെങ്കിലും സായുധ ഗുണ്ടാ സംഘത്തിന് അതൊന്നും പ്രശ്‌നമായില്ല. അകത്തുകടന്ന ഗുണ്ടകൾ തൊഴിലാളികളെ തലങ്ങും വിലങ്ങും വെട്ടിവീഴ്‌ത്തി. കൊളങ്ങരേത്ത് രാഘവൻ ബീഡികമ്പനിക്കുള്ളിൽ മരിച്ചുവീണു. 19 തൊഴിലാളികൾക്കാണ് അക്രമത്തിൽ പരിക്കേറ്റത്. പലേരി അച്ചുതന്റെ ഒന്നരവയസുള്ള കുഞ്ഞിനെ പോലും വെറുതെവിട്ടില്ല. സി വി ബാലൻ, തൊവരായി കൃഷ്‌ണൻ, പയ്യൻ വേലായുധൻ, കക്കോത്ത്‌കുമാരൻ തുടങ്ങി 5 പേർ അതീവഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൊവരായി കൃഷ്‌ണന്റെ കുടൽമാലയുടെ ഒരു ഭാഗം മുറിച്ചുമാറ്റേണ്ടിവന്നു.
അടിയന്തരാവസ്ഥക്ക് പുറമെ പൊലീസ് ആക്‌ട് അനുസരിച്ചുള്ള നിരോധനാജ്ഞയുമുണ്ടായിട്ടും അക്രമം നടത്തി മടങ്ങാൻ കോൺഗ്രസ് ഗുണ്ടകൾക്ക് പൊലീസ് സൗകര്യമൊരുക്കി. പ്രതികൾ രക്ഷപ്പെട്ടെന്ന് ഉറപ്പാക്കിയ ശേഷം സ്ഥലത്തെത്തിയ പൊലീസാകട്ടെ തൊഴിലാളികളെ വിരട്ടിയോടിക്കാനാണ് ശ്രമിച്ചത്. പിരിഞ്ഞുപോകാതെ പ്രതിരോധിച്ച ജനങ്ങൾ പരിക്കേറ്റവരെ അതിവേഗം ആശുപത്രിയിൽ എത്തിച്ചതിനാലാണ് പലരുടെയും ജീവൻ രക്ഷിക്കാനായത്. കണ്ണൂർ ബിഡിതൊഴിലാളിയൂനിയൻ പെരളശേരി ഡിവിഷൻ കമ്മിറ്റി അംഗമായിരുന്ന കൊളങ്ങരേത്ത് രാഘവൻ പത്മിനിയെ വിവാഹം കഴിച്ച ശേഷമാണ് വെണ്ടുട്ടായിലേക്ക് താമസം മാറ്റിയത്. പെരളശേരി കോട്ടം സ്വദേശിയായിരുന്നു. കോൺഗ്രസ് നേതാവ് മമ്പറം ദിവകരൻ അടക്കമുള്ളവരെയാണ് ഇൗ കേസിൽ കോടതി ശിക്ഷിച്ചത്.
ഇന്നും കേൾക്കാം ആ നിലവിളി
‘‘അന്നൊരു ശനിയാഴ്‌ചയായിരുന്നു. ആകാശവാണി ശ്രീലങ്കൻ പ്രക്ഷേപണ നിലയത്തിൽ നിന്നുള്ള മലയാളം പാട്ടുകൾ കഴിഞ്ഞ നേരം. ബീഡിതെറുപ്പിന്റെ തിരക്കിലായിരുന്നു ഞങ്ങളെല്ലാം. പെട്ടെന്നാണ് ജീപ്പുകൾ സഡൻബ്രേക്കിട്ട് നിർത്തുന്ന ശബ്ദംകേട്ടത്. തൊട്ടടുത്ത വിവാഹ വീട്ടിലേക്ക് വന്നവരാണെന്നാണ് ആദ്യം കരുതിയത്. തൊട്ടുപിന്നാലെ തുരുതുരാ ബോംബുകൾ പൊട്ടി. അന്തരീക്ഷമാകെ പുകമൂടിയത് പോലെ. ആരുടെയൊക്കയോ നിലവിളി ഉയരുന്നത് കേട്ടു. മാടത്തിന് മുകളിലുള്ള ഞങ്ങളുടെ മുറിയിലേക്ക് കയറാനും അക്രമികൾ ശ്രമിച്ചു. എല്ലാവരും ചേർന്ന് പ്രതിരോധിച്ചതിനാൽ അവർക്ക് വാതിൽ പൊളിക്കാൻ കഴിഞ്ഞില്ല. അല്ലായിരുന്നെങ്കിൽ....’’– പന്തക്കപ്പാറ ബീഡി കമ്പനി ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികളിലൊരാളായ മുൻ പിണറായി പഞ്ചായത്ത് പ്രസിഡന്റ് കോങ്കി രവീന്ദ്രന്റെ ഓർമയിൽ ഇന്നുമുണ്ട് അമ്പതാണ്ട് മുൻപുള്ള നിഷ്‌ഠൂരമായ ആ ആക്രമണം.
ബീഡികമ്പനിക്ക് നേരെയുള്ള ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് സിപിഐ എം പിണറായി ഏരിയകമ്മിറ്റി അംഗം കൂടിയായ കോങ്കി രവീന്ദ്രൻ പറഞ്ഞു. രണ്ട് ദിവസം മുൻപ് കമ്പനിയിലും അയൽ വീടുകളിലും പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. ഒരു വിധത്തിലുള്ള പ്രതിരോധവും ഉണ്ടാവില്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഗുണ്ടാ സംഘം അക്രമത്തിനെത്തിയത്. വെട്ടേറ്റ കൊളങ്ങരേത്ത് രാഘവേട്ടൻ തൊഴിലിടത്തിൽ തന്നെ വീരമൃത്യുവരിച്ചു. സി വി ബാലന് കഴുത്തിനാണ് വെട്ടേറ്റത്. തടയാൻ ശ്രമിച്ചപ്പോൾ രണ്ട് കൈവിരലും മുറിഞ്ഞു.
കമ്പനിക്ക് മുൻപിലെ മേക്കിലേരി കൃഷ്‌ണൻ എന്ന കിട്ടേട്ടന്റെ ചായക്കടയുടെ വരാന്തയിൽ വെച്ചാണ് കക്കോത്ത് കുമാരന് വെട്ടേറ്റത്. സംഘടനാകോൺഗ്രസുകാരനായിട്ടും പരപ്രത്ത് രാജുവിനെ അക്രമികൾ വെറുതെവിട്ടില്ല. കൈയുടെ റെസ്‌റ്റിന് വെട്ടേറ്റ യു മുകുന്ദന് പിന്നീട് ബീഡി പണിയെടുക്കാനായില്ല. പി പി രാഘവൻ, അരയാക്കണ്ടി വാസു, താറ്റ്യോട്ട് മുകുന്ദൻ, കെ വി ശ്രീധരൻ, പലേരി അച്ചുതൻ, മണിയത്ത് ശ്രീധരൻ, എം ദാസൻ, എം ഗംഗാധരൻ തുടങ്ങിയവർക്കെല്ലാം പരിക്കേറ്റു.
സാന്ത്വനസ്‌പർശമായി എ കെ ജി
ആക്രമണത്തിൽ വിറങ്ങലിച്ചുനിൽകുന്ന ഗ്രാമത്തിൽ എകെജിയും സുശീല ഗോപാലനും നടത്തിയ സന്ദർശനം ജനങ്ങൾക്ക് ആശ്വാസംപകരുന്നതായി . ജീവിതത്തോട് പൊരുതി നിൽകാൻ കൊളങ്ങരോത്ത് രാഘവൻെറ കുടുംബത്തിനും വെട്ടേറ്റ തൊഴിലാളികൾക്കും ധൈര്യം പകർന്നത് എകെജിയായിരുന്നു. ഇ എം എസ് വന്നപ്പോൾ പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് ഒരു കൊടുങ്കാറ്റ് പോലെ എകെജി രക്തസാക്ഷി ഗ്രാമത്തിലെത്തിയത്. പന്തക്കപ്പാറ കമ്പനി സന്ദർശിച്ച എകെജി തൊഴിലാളികളോട് സംസാരിച്ചാണ് മടങ്ങിയത്.
കുത്തേറ്റ കത്തിയുമായി
‘കത്തികൊണ്ട് പുറത്താണ് കുത്തേറ്റത്. ആ കത്തിയും പുറത്തുവെച്ചാണ് മാടത്തിന് മുകളിൽ നിന്ന് ചാടി രക്ഷപ്പെട്ടത്. തൊട്ടടുത്ത ഒരു വീടിന്റെ വരാന്തയിലെത്തിയാണ് കത്തി ഉൗരിയത്. ആ നേരമത്രയും വേദന കടിച്ചമർത്തുകയായിരുന്നു’. അക്രമത്തിൽ മാരകമായി പരിക്കേറ്റ പയ്യൻ വേലായുധന് പന്തക്കപ്പാറ ബീഡി കമ്പനി ആക്രമണം നടുക്കുന്ന ഓർമയാണ് ഇന്നും.
പുറത്ത് ആഴത്തിൽ കത്തി കയറിയതിനാൽ ആരൊക്കയോ ചേർന്ന് കമിഴ്‌ത്തി കിടത്തിയിരുന്നു. രക്തം ശ്വാസകോശത്തിലേക്ക് കയറിയതും സ്ഥിതി ഗുരുതരമാക്കി. അബോധാവസ്ഥയിലാണ് തലശേരി ആശുപത്രിയിലും പിന്നീട് കോഴിക്കോടുമെത്തിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് ദിവസം കഴിഞ്ഞാണ് ബോധം വന്നത്. മരണം മുന്നിൽ കണ്ട ദിവസങ്ങളായിരുന്നു അത്. കുറേക്കാലം ശ്വാസംമുട്ടലുണ്ടായിരുന്നു. വർഷങ്ങളോളം കുത്തേറ്റതിന്റെ പ്രയാസം അനുഭവിച്ചതായും വേലായുധൻ പറഞ്ഞു. 19ാം വയസിലെ സാഹസികമായ ആ രക്ഷപ്പെടൽ വേലായുധന് ഇന്ന് ഓർക്കാൻ പോലും വയ്യ.
കോൺഗ്രസ് തേർവാഴ്‌ച
അടിയന്തരാവസ്ഥയിലെ കോൺഗ്രസ് തേർവാഴ്‌ചയുടെ അനുഭവങ്ങൾ പറയാനുണ്ട് കണ്ണൂരിലെ ഓരോ ഗ്രാമത്തിനും. സായുധ കോൺഗ്രസ് ഗുണ്ടാ സംഘം പൊലീസ് സഹായത്തോടെ അഴിഞ്ഞാടിയ കാലമായിരുന്നു അത്. കൊന്നും കൊലവിളിച്ചും കോൺഗ്രസ് അഴിഞ്ഞാടിയ ദിനരാത്രങ്ങൾ. സിപിഐ എം ഓഫീസുകൾ പോലും തുറക്കാൻ അനുവദിക്കാതെയുള്ള ഭീകരത. പന്തക്കപ്പാറ ബീഡി കമ്പനി ആക്രമണത്തിന് തലേദിവസമാണ് മുൻ മന്ത്രി കെ പി ഗോപാലനെ തലശേരിക്കടുത്ത കൊളശേരിയിൽ കോൺഗ്രസുകാർ ആക്രമിച്ചത്. പന്തക്കപ്പാറ ദിനേശ്‌ബീഡി കമ്പനി ആക്രമണത്തോടെ ഭീതിദമായ അന്തരീക്ഷംമാറുകയും ജനങ്ങൾ തെരുവിലിറങ്ങുകയും ചെയ്‌തു. ഇതിലപ്പുറമൊന്നും സംഭവിക്കാനില്ലല്ലോ എന്ന ചിന്തയാണ് തെരുവിലിറങ്ങാൻ ജനങ്ങളെ പ്രേരിപ്പിച്ചത്. കൊലപാതകം നടന്ന പന്തക്കപ്പാറയും സമീപ പ്രദേശങ്ങളിലുമുള്ള കോൺഗ്രസുകാർ പലരും പാർടി വിട്ടതും ചരിത്രം.










0 comments