നിർണായക വിവരങ്ങളുമായി 6 ഫോണുകൾ
print edition വധഗൂഢാലോചന കേസ് ; ദിലീപ് ഒന്നാംപ്രതി , നിർണായക തെളിവുകൾ

കൊച്ചി
നടൻ ദിലീപ് ഒന്നാംപ്രതിയായ, അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിൽ ഫോൺ വിവരങ്ങൾ അടക്കം നിർണായക തെളിവുകൾ. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രം ഉടനെ സമർപ്പിക്കും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ 2017 നവംബർ 15-ന് ദിലീപിന്റെ ആലുവയിലെ വീടായ ‘പത്മസരോവര'ത്തിൽ ഗൂഢാലോചന നടന്നുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് ഇൗ കേസിന് ആധാരം. ശബ്ദരേഖയും ഫോൺ റെക്കോഡുകളും അടക്കം തെളിവായി ശേഖരിച്ചായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം.
ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി എൻ സുരാജ്, മാനേജർ കൃഷ്ണകുമാർ, സുഹൃത്ത് ബൈജു ചെങ്ങമനാട്, സുഹൃത്ത് ശരത് ജി നായർ, ഐടി വിദഗ്‌ധൻ സായ് ശങ്കർ എന്നിവരാണ് മറ്റു ആറ് പ്രതികൾ. സായ് ശങ്കറിനെ പിന്നീട് മാപ്പുസാക്ഷിയാക്കി. തെളിവുകളിൽ കൃത്രിമം കാണിച്ചതിനും ഇലക്‌ട്രോണിക് തെളിവുകൾ നശിപ്പിച്ചതിനുമാണ് സായ് ശങ്കറെ അറസ്‌റ്റ് ചെയ്‌തത്.
ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ദിലീപിനെ 33 മണിക്കൂർ ചോദ്യം ചെയ്‌തു. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
2016ൽ പത്മസരോവരത്തിൽനിന്ന്, നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി (എൻ എസ് സുനിൽ) പണവുമായി മടങ്ങുന്നത് കണ്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതേ വീട്ടിൽവച്ച് 2017ൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ സുഹൃത്ത് ജി ശരത് ടാബിൽ കൊണ്ടുവന്ന് കാണിച്ചതിന് താൻ ദൃക്‌സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ മൊഴി നൽകി.
നിർണായക വിവരങ്ങളുമായി 6 ഫോണുകൾ
ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ആറു ഫോണുകളുടെ വിശദ ഫോറൻസിക് പരിശോധന വിവരങ്ങൾ കേസിൽ നിർണായകമാകും. പ്രതിഭാഗം ഹാജരാക്കാത്ത രണ്ടു മൊബൈൽ ഫോണുകളുടെ മിറർ ഇമേജും വിശദ ഫോറൻസിക് റിപ്പോർട്ടുമുണ്ട്. ഹാജരാക്കാത്ത ഫോണുകൾ അനൂപും സുരാജും നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്‌തതായാണ് അന്വേഷകസംഘം സംശയിക്കുന്നത്.
ഇതിൽ ഒരു ഫോൺ ദിലീപ് ജയിലിൽ കിടന്ന സമയത്ത്, 2017ലാണ് സുരാജ് ഉപയോഗിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ഈ ഫോൺ ഉപയോഗിച്ചതായാണ് കണ്ടെത്തൽ. 2021 ആഗസ്‌ത് അവസാനംവരെ ദിലീപ് ഉപയോഗിച്ച ഫോണാണ് രണ്ടാമത്തേത്.










0 comments